ഹോങ്കോംഗ്: കുറ്റവാളികളെ കൈമാറ്റം ചെയ്യാൻ ചൈനയുമായി കരാർ ഉണ്ടാക്കുന്നതിനുള്ള ബില്‍ താൽകാലികമായി ഉപേക്ഷിച്ചിട്ടും ഹോങ്കോംഗില്‍ വീണ്ടും പ്രതിഷേധം ശക്തം. ബില്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ നടന്ന പ്രകടനം ഹോങ്കോംഗിലെ ജനജീവിതം സ്തംഭിപ്പിച്ചു. ഭരണ സിരാകേന്ദ്രമായ അഡ്മിറാലിറ്റി ഡിസ്ട്രിക്ടിലേക്കുള്ള പ്രകടനത്തില്‍ ഇരുപതു ലക്ഷം പേര് പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചത്തെ പ്രകടനത്തില്‍ പത്തുലക്ഷം പേരാണു പങ്കെടുത്തത്.
മുന്‍ പ്രകടനങ്ങളില്‍ പൊലീസ് അക്രമം അഴിച്ചു വിട്ടതിന് ഖേദം പ്രകടിപ്പിച്ച് കാരിലാമിന്റെ ഓഫീസ് ഇന്നലെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബെയ്ജിംഗിന്റെ ഇഷ്ടത്തിനൊത്തു തുള്ളുന്ന പാവയാണ് ഭരണാധികാരി ലാം എന്നും കാരി ലാം രാജിവയ്ക്കാതെ സമരം നിര്ത്തില്ലെന്നുമാണു പ്രക്ഷോഭകരുടെ നിലപാട്. പ്രക്ഷോഭം ശക്തമായതോടെ ചൈനീസ് അനുകൂലിയായ കാരി ലാം ശനിയാഴ്ച ബില്‍ തത്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പൂര്‍ണമായി ഉപേക്ഷിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ജനാധിപത്യവാദികളുടെ നിലപാട്. ബില്‍ വീണ്ടും പരിഗണനയ്ക്ക് എടുക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഞായറാഴ്ചയും ബുധനാഴ്ചയും വന്‍ പ്രകടനങ്ങള്‍ ഹോങ്കോംഗില്‍ നടന്നിരുന്നു. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം ചൈനയ്ക്ക് അടിയറ വയ്ക്കുന്ന നിയമമാണിതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.