വയനാട്: വികസനത്തിന്‍റെ കാര്യത്തിൽ സംസ്ഥാനത്ത് വയനാട് പിന്നിലാണെങ്കിലും രാജ്യത്തിന് തന്നെ മാതൃകയായ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം ഉണ്ടിവിടെ. അതിർത്തി ഗ്രാമമായ നൂൽപ്പുഴ പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമെന്ന പുരസ്‌കാരം നേടിയിട്ടുള്ളത്.
ആശുപത്രികളുടെ ഗുണ നിലവാരം കണക്കാക്കുന്ന കേന്ദ്രസർക്കാരിൻ്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ് അടുത്തിടെയാണ് നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. 100 ൽ 99 മാർക്ക് നേടിയാണ് ആരോഗ്യകേന്ദ്രം പുരസ്കാരം സ്വന്തമാക്കിയത്. സൗകര്യങ്ങളുടെ കാര്യത്തില്‍ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കും നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രം. ശീതീകരിച്ച മുറികൾ, ടെലിവിഷനുകൾ, കുട്ടികളുടെ പാർക്ക്, രോഗികളെ വീട്ടിൽ നിന്ന് സൗജന്യമായി ആശുപത്രിയിൽ എത്തിക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷ എന്നിവ ഇവിടെയുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഗർഭിണികളെ പ്രസവത്തിന് മുമ്പ് തന്നെ ആശുപത്രിയിൽ എത്തിച്ച് പരിചരണം നൽകുന്ന പ്രതീക്ഷാവീട് പദ്ധതിയും നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിൻ്റെ സവിശേഷതയാണ്.