നെയ്യാറ്റിന്‍കര: കഞ്ചാവ് മാഫിയയുടെ ഭീഷണിയില്‍ റിട്ട. അധ്യാപികയും ഭിന്നശേഷിക്കാരനായ മകനും. വഴുതൂർ സ്വദേശിനി ഗിരിജയും 19 വയസ്സുകാരനും ഭിന്നശേഷിക്കാരനുമായ മകൻ രതീഷുമാണ് കഞ്ചാവ് മാഫിയ സംഘത്തിന്‍റെ അക്രമങ്ങൾക്ക് ഇരയാകുന്നത്. ഇരുവരുടെയും സ്വത്തിനും ജീവനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഗിരിജ ആരോപിക്കുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗിരിജയും മകനും താമസിക്കുന്ന വീടിനു സമീപത്തെ വ്യാപാര സ്ഥാപനത്തു നിന്നും കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കഞ്ചാവുമായി ഒരാളെ പിടികൂടുകയും ചെയ്തു. എന്നാൽ എക്സൈസ് സംഘത്തിന് രഹസ്യവിവരം നൽകിയത് രതീഷ് ആണെന്ന് ആരോപിച്ച് സംഘം തനിക്കും മകനും നേരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്നുവെന്ന് ഗിരിജ ആരോപിക്കുന്നു. രണ്ട് ദിവസം മുമ്പ് രതീഷിനെ മാഫിയ സംഘം റോഡിൽ വച്ച് ആക്രമിക്കുകയും ചെയ്തു. രതീഷിന്റെ നിലവിളി കേട്ട സമീപത്തെ താമസക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഓടിയെത്തിയതിനെ തുടർന്ന് അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ രതീഷിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞദിവസവും രതീഷ് കോളജിലേക്ക് പോകും വഴി വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ചതായും ഗിരിജ പറയുന്നു. രാത്രികാലങ്ങളിൽ വീടിന്റെ ചില്ലുകൾ എറിഞ്ഞുടക്കുക, വൈദ്യുതബന്ധം വേർപ്പെടുത്തുക, കാറിന്‍റെ ടയർ കുത്തികീറുക തുടങ്ങിയവ നിത്യസംഭവമായതോടെ അമ്മയും മകനും ജീവൻ ഭയന്നാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്.