കൊച്ചി: സിറോ മലബാർ സഭ വ്യാജ രേഖ കേസിൽ വ്യവസായ സ്ഥാപനത്തിന്റെ സെർവ്വറിലുള്ള രേഖകൾ അറസ്റ്റിലായ ആദിത്യൻ സ്ക്രീന്‍ ഷോട്ട് എടുത്തതാണെന്നും കൃത്രിമമായി നിർമ്മിച്ചതല്ലെന്നും എറണാകുളം അങ്കമാലി അതിരൂപത.
സിറോ മലബാർ സഭയിലെ സാൻജോസ് പള്ളി വികാരി ടോണി കല്ലൂക്കരൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന്‍ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ടോണി കല്ലൂക്കരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടം പറഞ്ഞു. സെർവറിൽ നിന്നും ലഭിച്ച രേഖകളിൽ ആലഞ്ചേരിയുടെ പേരുള്ളതിനാൽ പിതാവിന് ഇതിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും ജേക്കബ് മനത്തോടം. എറണാകുളത്ത് പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിത്യനെ മർദ്ദിച്ച് ഫാദർ പോൾ തേലക്കാട്, ഫാദർ ടോണി കല്ലൂക്കാരൻ എന്നിവരുടെ പേര് പറയാൻ പൊലീസ് നിർബന്ധിക്കുകയായിരുന്നു. ആദിത്യനെ ക്രൂരമായി മർദ്ദിച്ചാണ് രേഖ വ്യാജമായി നിർമ്മിച്ചതെന്ന് മൊഴിവാങ്ങിയതെന്ന് ഫാദർ സക്കരിയ എസ്.വി. പറഞ്ഞു. വ്യാജരേഖ കേസിൽ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണം. പോലീസ് അന്വേഷണത്തിലൂടെ സത്യം തെളിയാൻ സാധ്യതയില്ലെന്നും അങ്കമാലി അതിരൂപത. വ്യാജരേഖ കേസിൽ നിരപരാധികളെ പീഢിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുയരുമെന്ന് വൈദിക സമിതി അറിയിച്ചു.