വാഷിങ്ടൺ: കൊവിഷീൽഡ് വാക്സിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി വൈറ്റ് ഹൗസ് ആരോഗ്യ ഉപദേഷ്ടാവ് ഡോ. അന്തോണി ഫൗചി. ന്യായമായ തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കടുത്ത പ്രതിസന്ധിയിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. കൂടുതൽ പേർക്ക് വേഗത്തിൽ വാക്സിനേഷൻ നൽകുകയാണ് ഇപ്പോൾ വേണ്ടത്. അതുകൊണ്ട് വാക്‌സിൻ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം ന്യായമായ ഒന്നാണെന്ന് ഫൗചി പറഞ്ഞു.
കൊവിഷീൽഡ് വാക്‌സിനിലെ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള അന്തരം 12-16 ആഴ്ചയായി വർദ്ധിപ്പിച്ചതായി വ്യാഴാഴ്ച ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മുന്‍പ് 6 മുതല്‍ 8 ആഴ്ച വരെയായിരുന്നു ഇടവേള. മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്‍റെ ഇടവേളയില്‍ മാറ്റം വരുത്തുന്നത്. മാര്‍ച്ചില്‍ സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും വാക്സിന്‍റെ ഇടവേള 28 ദിവസം അല്ലെങ്കില്‍ 6 മുതല്‍ 8 ആഴ്ച വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആവശ്യത്തിന് വാക്സിന്‍ ഇല്ലാത്തതിനാല്‍ അത് മറച്ച് പിടിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന തിരുമറിയാണിതെന്ന് ആരോപണങ്ങല്‍ ഉയര്‍ന്നിരുന്നു.
Also Read: കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണം: നിര്‍ദേശവുമായി വിദഗ്‌ദ സമിതി
വാക്സിനുകളുടെ കുത്തിവയ്പ്പിലെ ഇടവേള അവയുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ മതിയായ വാക്സിനുകൾ ഇല്ലാത്തത് മൂടി വയ്ക്കാനാണ് ഇത്തരം നടപടിയെങ്കില്‍ അത് അനുവദിക്കാന്‍ സാധിക്കില്ലെന്നും ഫൗചി പറഞ്ഞു. അടുത്ത ആഴ്ചക്കുള്ളില്‍ റഷ്യയുടെ സ്പുട്നിക് വാക്സിന്‍ വിതരണം നല്‍കിത്തുടങ്ങും. ഇതോടെ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന വാക്സിനുകളുടെ എണ്ണം 3 ആവും. ഇതോടെ, 18 വയസ്സിന് മുകളിലുള്ളവർക്കായുള്ള വാക്സിനേഷന്‍ ഡ്രൈവ് വേഗത്തില്‍ നടക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്പുട്നിക് വാക്സിന്‍ വളരെ ഫലപ്രദമാണെന്നാണ് കേട്ടിട്ടുള്ളതെന്നും, 90 ശതമാനത്തോളമോ അതിന് മേലയോ ഫലപ്രാപ്തി ഉണ്ടെന്നും ഫൗചി പറഞ്ഞു. അതേസമയം ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സേനയുടെ സഹായം ഉപയോഗപ്പെടുത്താമെന്നും. ഉദാഹരണത്തിന് ആശുപത്രി കിടക്കകളുടെ ക്ഷാമം നേരിടാന്‍ സേനയെക്കൊണ്ട് യുദ്ധസമയത്ത് നിര്‍മ്മിക്കുന്ന രീതിയിലുള്ള ഫീൽഡ് ആശുപത്രികള്‍ സ്ഥാപിച്ച് അവയെ ക്ലാസിക് ഹോസ്പിറ്റലിന് പകരമായി ഉപയോഗിക്കാമെന്നും ഫൗചി നിര്‍ദേശിച്ചു.
Also Read: ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് അണുബാധ ഉയരുന്നു
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,40,46,809 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 3,62,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.3,44,776 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,00,79,599 ആയി ഉയർന്നു. 4,000 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,62,317 ആയി. നിലവിൽ 37,04,893 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രോഗമുക്തി നിരക്ക് 83.50 ശതമാനമായി ഉയർന്നു. മരണ നിരക്ക് 1.09 ശതമാനവുമായി. ഇതുവരെ രാജ്യത്ത് 17,92,98,584 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് മെയ് 13 വരെ 31,13,24,100 സാമ്പിളുകളാണ് പരിശോധിച്ചത്.