പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്തുമത വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഈസ്റ്റർ ദിനത്തിൽ കൗതുകം ജനിപ്പിക്കുന്ന ഒന്നാണ് ഈസ്റ്റർ മുട്ടകൾ സമ്മാനമായി നൽകുന്ന ചടങ്ങ്. പതിമൂന്നാം നൂറ്റാണ്ടുമുതൽ തന്നെ ഈസ്റ്റർ മുട്ടകൾ പ്രചാരത്തിലുണ്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ട് മുതലാണ് ഈസ്റ്റർ മുട്ടകൾ സമ്മാനിക്കുന്ന പതിവ് തുടങ്ങിയത്.
കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റതിന്‍റെ പ്രതീകമായും, മുട്ടത്തോട് യേശുവിന്‍റെ കല്ലറയായും തോടുപൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്തുവരുന്നത് പുനരുദ്ധാരണത്തിന്‍റെ പ്രതീകമായിട്ടുമാണ് വിശ്വാസികൾ കാണുന്നതെന്ന് എറണാകുളം ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാദർ റോബിൻ കണ്ണഞ്ചിറ പറഞ്ഞു. പൂക്കളുടെ നീര് ഉപയോഗിച്ച് പ്രകൃതിദത്തമായാണ് ആദ്യകാലങ്ങളിൽ മുട്ടകൾ അലങ്കരിച്ചിരുന്നത്. എന്നാൽ പുതുതലമുറ പുഴുങ്ങിയ മുട്ട കളുടെ തോടുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കുന്നത്. ചിത്രങ്ങൾക്ക് പുറമേ ഈസ്റ്റർ സന്ദേശവും മുട്ട തോടുകളിൽ ആലേഖനം ചെയ്യുന്നു.