തിരുവനന്തപുരം: യേശുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മ പുതുക്കി പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കലാണ് ഓരോ ഈസ്റ്ററും.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും തിരുകര്‍മ്മങ്ങളും നടന്നു. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് സൂസപാക്യം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പട്ടം സെൻറ് മേരീസ് പള്ളിയിൽ നടന്ന പാതിരാ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. സ്നേഹത്തിന്‍റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍.സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ക്രൈസ്തവര്‍ പാതിരാകുര്‍ബാനയിലും പങ്കാളികളായി. ഉയര്‍ത്തെഴുന്നേല്‍പ്പ് സ്മരണയുടെ പ്രതീകമായി വിശ്വാസികള്‍ മെഴുകുതിരികള്‍ തെളിച്ചു. തിന്മയുടെയും അസത്യത്തിന്‍റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.