കൊച്ചി: നിപ രോഗം ബാധിച്ച വിദ്യാർഥിയെ പനി മാറിയാൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഐസൊലേഷൻ വാർഡിൽ നിന്ന് മുറിയിലേക്ക് മാറ്റാനാകുമെന്ന് ഡോക്ടർ. സംസാരം വളരെ കുഴഞ്ഞ അവസ്ഥയിലാണ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ കൈകാലുകൾക്ക് വിറയലും, ബോധക്ഷയവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബോധം വരുമ്പോൾ എഴുന്നേറ്റിരിക്കുന്നുണ്ടെന്നും, ഭക്ഷണം തനിയെ കഴിക്കുവാൻ തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടർ ബോബി വർക്കി ഇ ടി ടിവി ഭാരതിനോട് പറഞ്ഞു.
നാലോ അഞ്ചോ ദിവസം പനിയും, ബോധക്ഷയവുമുളള അവസ്ഥയിലാണ് വിദ്യാർഥിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എംആർഐ ഉൾപ്പെടെ പരിശോധിച്ചതിൽ അസാധാരണമായ ചിലത് ശ്രദ്ധയിൽപ്പെട്ടു. മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പരിശോധനകൾ നടത്തിയെങ്കിലും നെഗറ്റീവ് ഫലം തിരിച്ചറിഞ്ഞതോടെ സംശയം വർധിച്ചു. തുടർന്ന് നട്ടെല്ലിൽ നിന്ന് ശ്രവം കുത്തിയെടുത്ത് ബാംഗ്ലൂരിലെ ലാബിലേക്ക് അയച്ചു. പിന്നീട് ഫലം വന്നപ്പോൾ നിപ വൈറസ് പോസിറ്റീവായി. തുടർന്ന് ഡി എം ഒ യെയും, അധികാരികളെയും വിവരം അറിയിക്കുകയായിരുന്നു.
തലച്ചോറിനെയും മസ്തിഷ്കത്തെയും കൂടുതലായി ബാധിക്കുന്ന അസുഖമാണ് നിപ. എന്നാൽ ചുരുക്കം ചിലർക്ക് ഇത് ശ്വാസകോശത്തെയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ തവണ നിരവധി പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിനാൽ ഉറവിടം കണ്ടെത്താൻ എളുപ്പമായിരുന്നു. ഇപ്പോൾ ഒരു രോഗിക്ക് മാത്രം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉറവിടം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ പരിമിതമാണെന്നും ഡോക്ടർ ബോബി വർക്കി പറയുന്നു.