ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗതി മാറി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതായി സൂചന. ദിശമാറിയ വായു ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. അടുത്ത 48 മണിക്കൂര്‍ കൂടി ഗുജറാത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിശ മാറിയെങ്കിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലുണ്ടായ മഴയിലും കാറ്റിലും ഗുജറാത്തില്‍ വൻ നാശനഷ്ടം രേഖപ്പെടുത്തി. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോര്‍ബന്തറിലെ ഭൂതേശ്വര്‍ മഹാദേവ ക്ഷേത്രം തീരത്തേക്ക് അടിച്ച തിരമാലകളില്‍ തകര്‍ന്നു. പലയിടങ്ങളിലും വൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കപ്പെടുകയും ചെയ്തു.
വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ എത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കച്ച്, സൗരാഷ്ട്ര, മേഖലകളില്‍ നിന്നും മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്ത് 86 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി 37 ട്രെയിനുകള്‍ തിരിച്ച് വിട്ടു. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവരുടെ വലിയ സംഘത്തെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.