സതാംപ്റ്റണ്‍: സതാംപ്റ്റണില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും നേര്‍ക്കുനേര്‍ വരുന്നതോടെ കൊവിഡ് 19നെ തുടര്‍ന്ന് ലോക്ക് വീണ ക്രിക്കറ്റ് വീണ്ടും സജീവമാകുന്നു. മഹാമാരിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവിലാകും നാല് മാസങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുക. എല്ലാ കണ്ണുകളും ഓള്‍ റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്സിനും ജേസണ്‍ ഹോള്‍ഡറിനും പിന്നാലെയാണ്. ചരിത്രത്തില്‍ ഇടംപിടിക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് ടീമിനെ ബെന്‍ സ്റ്റോക്സും കരീബിയന്‍ പടയെ ജേസണ്‍ ഹോള്‍ഡറും നയിക്കും. ഐസിസിയുടെ ഓൾറൗണ്ടർമാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്തും ബെന്‍ സ്റ്റോക്സ് രണ്ടാം സ്ഥാനത്തുമാണ്. പരിചയ സമ്പന്നനായ നായകനാണ് വിന്‍ഡീസ് ടീമിനെ നയിക്കുന്നതെങ്കില്‍. ബെന്‍ സ്റ്റോക്സ് അപ്രതീക്ഷിതമായാണ് ഇംഗ്ലീഷ് ടീമിന്‍റെ അമരത്ത് എത്തുന്നത്. സ്ഥിരം നായകന്‍ ജോ റൂട്ട് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് സ്റ്റോക്സ് ടീമിന്‍റെ നേതൃസ്ഥാനത്ത് എത്തുന്നത്.
ഐസിസിയുടെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടക്കുന്ന മത്സരത്തില്‍ പന്തിന്‍റെ തിളക്കം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പന്തില്‍ ഉമിനീര്‍ പുരട്ടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അമ്പയര്‍ രണ്ട് തവണ താക്കീത് നല്‍കും. രണ്ടുതവണ ഇത് ലംഘിച്ചാല്‍ പിഴയായി അഞ്ച് റണ്‍സ് ബാറ്റ് ചെയ്യുന്ന ടീമിന് അനുവദിക്കും. കൂടാതെ കളിക്കാര്‍ കൂട്ടം ചേര്‍ന്ന് ആഘോഷം നടത്തുന്നതിനും കൈ കൊടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിനിടെ കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയാല്‍ പകരക്കാരനെ ഇറക്കാനും ഐസിസിയുടെ ഇടക്കാല നിയമം അനുവദിക്കുന്നു. നിഷ്പക്ഷ അമ്പയര്‍മാര്‍ക്ക് പകരം ആതിഥേയ രാജ്യത്തെ അമ്പയര്‍മാര്‍ കളി നിയന്ത്രിക്കുന്നതിനും മഹാമാരിയുടെ കാലം സാക്ഷിയാകും. വര്‍ണ വിവേചനത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ബ്ലാക്ക് ലൈഫ് മാറ്റര്‍ ലോഗോ ഷര്‍ട്ടില്‍ പതിച്ച് ഐക്യദാര്‍ഢ്യം കാണിച്ചാകും ഇരു ടീമും ഫീല്‍ഡിലേക്ക് ഇറങ്ങുക.