വെല്ലിങ്ടണ്‍: ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ ന്യൂസിലന്‍ഡ് ഒരുക്കമാണെന്ന വാര്‍ത്ത തള്ളി ക്രിക്കറ്റ് ന്യൂസിലന്‍ഡ്. ക്രിക്കറ്റ് ന്യൂസിലന്‍ഡ് വക്താവ് റിച്ചാര്‍ഡ് ബൂക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് 19നെ തുടര്‍ന്ന് യുഎഇക്കും ശ്രീലങ്കക്കും പുറമെ ന്യൂസിലന്‍ഡും ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറായെന്ന രീതിയിലുള്ള വാര്‍ത്ത പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്ത ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാമെന്ന ഒരു നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടില്ല. അത്തരത്തില്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മാര്‍ച്ച് 29 മുതല്‍ ആരംഭിക്കാനിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ കൊവിഡ് 19നെ തുടര്‍ന്ന് അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്. ഐപിഎല്‍ എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് ഇതേവരെ ബിസിസിഐയുടെ ഭാഗത്ത് നിന്നും അന്തിമ തീരുമാനം വന്നിട്ടില്ല. ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ 18 മുതല്‍ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ഐസിസി അന്തിമ തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്‍ ഇന്ത്യയില്‍ നടത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.