അഹമ്മദാബാദ്: ഇന്നത്തെ ഐപിഎല്‍ മാറ്റിവെച്ചു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സിന്‍റെ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും കൊവഡ് സ്ഥിരീകരിച്ചതോടെയാണ് ഐപിഎല്‍ മാറ്റിവെച്ചത്. കൊല്‍ക്കത്തയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ മൊട്ടേരയില്‍ നടക്കാനിരുന്ന പോരാട്ടം മറ്റൊരു ദിവസം നടത്തും.
ബയോ സെക്വയര്‍ ബബിളിനുള്ളില്‍ നിന്നും ഗ്രീന്‍ ചാനല്‍ വഴി കഴിഞ്ഞ ദിവസം സ്‌കാനിങ്ങിനായി വരുണ്‍ പുറത്ത് പോയിരുന്നു. ചികിത്സക്കായി പുറത്ത് പോയപ്പോഴാകും വൈറസ് ബാധ ഉണ്ടായതെന്ന നിഗമനത്തിലാണ് അധികൃതര്‍. വരുണുമായുള്ള സമ്പര്‍ക്കത്തിലൂടെ സന്ദീപിനും രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന.
ഇതാദ്യമായാണ് ഐപിഎല്ലിലെ ബയോ സെക്വയര്‍ ബബിളിനുള്ളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ ഫ്രാഞ്ചൈസി അധികൃതര്‍ ഇതേവരെ പ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത.
ഇത്തവണയും പ്ലേ ഓഫ് കാണാതെ പുറത്തായാല്‍ തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമെന്ന നാണക്കേടാണ് കൊല്‍ക്കത്തയെ കാത്തിരിക്കുന്നത്.സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഓയിന്‍ മോര്‍ഗനും കൂട്ടര്‍ക്കും ജയിക്കാനായത്.