അബുദാബി: മെയ് 12 മുതല്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ. ഈ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഈ രാജ്യങ്ങളിലേക്ക് എയര്‍ലൈന്‍ ഗതാഗതം തുടരുമെന്ന് ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അറിയിച്ചു.
യുഎഇ പൗരന്മാർ, നാല് രാജ്യങ്ങളുടെ അംഗീകാരമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ, എലൈറ്റ് താമസക്കാർ എന്നിവരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ യാത്ര ചെയ്യുന്നതിന് 24 മുതല്‍ 74 മണിക്കൂര്‍ മുന്‍പ് കൊവിഡ് ടെസ്റ്റ് ചെയ്യുകയും, തിരിച്ചെത്തിയാല്‍ 10 ദിവസം ക്വാറന്‍റൈനില്‍ ഇരിക്കുകയും ചെയ്യണം.
അതേസമയം പല ഏഷ്യന്‍ രാജ്യങ്ങളിലും കൊവിഡ് മരണം കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പാകിസ്ഥാനില്‍ 3,447 കേസുകളും, 78 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതോടെ ആകെ കേസുകളുടെ എണ്ണം 861473 ആയപ്പോൾ മരണം 18,993 ആയി.