ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും ജയിലുകളുടെ കൊവിഡ് സാഹചര്യം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിശദമായ റിപ്പോർട്ട് തേടി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡയറക്ടർ ജനറലിനും ഇൻസ്പെക്ടർ ജനറലിനും കത്തയച്ചു. ആറ് പൊയിന്‍റുള്ള ഒരു ചോദ്യാവലിയും ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻ.എച്ച്.ആർ.സി) അയച്ചിട്ടുണ്ട്.
ജയിലുകളുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ ചോദ്യാവലിയിൽ സംസ്ഥാനത്തെ ജയിലുകളുടെ എണ്ണവും കേന്ദ്ര ജയിലുകളുടെ എണ്ണവും ഉൾപ്പെടുന്നു. ജൂലൈ 31 വരെയുള്ള കൊവിഡ് കേസുകളുടെ എണ്ണവും ദേശീയ മനുഷ്യാവകാശ കമ്മിഷനെ അറിയിക്കണം. ജയിലിന്‍റെ പേര്, ജില്ല, ബാധിത തടവുകാരുടെ എണ്ണം, മരണസംഖ്യ, ആകെ തടവുകാരുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ നൽകണം. ജൂലൈ 31 വരെ കൊവിഡ് ബാധിച്ച ജയിൽ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളും കമ്മിഷൻ തേടി. 2020 ഓഗസ്റ്റ് 31നകം സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ ഈ വിവരങ്ങൾ അയക്കണമെന്നും നിർദേശം.