കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി.നസീറിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിലെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൂന്നംഗ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചതെന്ന് സി.ഒ.ടി.നസീർ മൊഴി നല്കിയതിനെ തുടർന്നാണ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് നസീറിന് വെട്ടേൽക്കുന്നത്. ബൈക്കിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ മറ്റൊരു ബൈക്കിൽ എത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും ഇരു കൈകൾക്കും കഴുത്തിനും മാരകമായി പരിക്കേറ്റ നസീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ തലശ്ശേരിയും പരിസരമുള്ളവരാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന നസീറിനെ പി.ജയരാജൻ, എം.വി.ജയരാജൻ എന്നിവർ സന്ദർശിച്ചു.