കണ്ണൂര്‍: അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീറിനെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ സന്ദർശിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു പി ജയരാജന്റെ അപ്രതീക്ഷിത സന്ദർശനം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയ ജയരാജന് സിഒടി നസീറിന് സമീപം 15 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
ശനിയാഴ്ച രാത്രിയോടെ തലശ്ശേരി ബസ് സ്റ്റാന്റിന് സമീപം വച്ച് സിഒടി നസീർ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്നും ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നും നസീർ പറഞ്ഞിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫും ആർഎംപിയും ആരോപിച്ചിരുന്നു. എന്നാൽ അക്രമത്തിൽ പങ്കില്ലെന്നും ആരെങ്കിലും കൊതുകിനെ കൊല്ലാൻ തോക്കെടുക്കുമോ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.