കൊച്ചി: ചൂർണ്ണിക്കര വ്യാജ രേഖ കേസിലെ നാലാം പ്രതി അബു വ്യാജ രേഖകൾ നിർമ്മിച്ചതായി വിജിലൻസ് കണ്ടെത്തി. ആലുവയിൽ തന്‍റെ പേരിലുള്ള ഭൂമി തരം മാറ്റാൻ നിർദ്ദേശം നൽകുന്ന ആർഡിഒയുടെ ഉത്തരവാണ് വ്യാജമായി നിർമ്മിച്ചത്. ആലുവ ചൂർണിക്കരയിൽ വ്യാജരേഖ ചമച്ച് നിലം നികത്തിയ കേസിന്‍റെ അന്വേഷണം വിജിലൻസിന് വിട്ടിരുന്നു. തട്ടിപ്പ് പുറത്തായത് മുതലുള്ള കേസിലെ നിർണായക വിവരങ്ങളും സുപ്രധാന രേഖകളും ഉൾപ്പെട്ട പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടെത്തൽ.
എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു അര ഏക്കർ ഭൂമിയിൽ 25 സെന്‍റ് നിലം നികത്താനാണ് ലാൻഡ് റവന്യു കമ്മിഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. ദേശീയപാതയോട് ചേർന്ന തണ്ണീർത്തടം തരം മാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് സംഭവം പിടിക്കപ്പെട്ടത്. വ്യാജരേഖ നിർമിക്കാൻ ഏഴുലക്ഷം രൂപയാണ് സ്ഥല ഉടമ നൽകിയത്.