തിരുവനന്തപുരം: കേരളത്തെ ഭരിക്കാനുള്ള ധാർമ്മികമായ അവകാശം മുഖ്യമന്ത്രി പിണറായി വിജയന് നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ വലിയ വിജയത്തിന് കാരണം എൽഡിഎഫ് ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, വീണിടത്ത് കിടന്ന് ഉരുളുന്നതാണെന്നും സിപിഎം വോട്ടുകൾ ആർക്ക് പോയി എന്ന് മുഖ്യമന്ത്രി ആത്മപരിശോധന നടത്തണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമല വിധി തിടുക്കത്തിൽ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കുണ്ടായിരുന്നു. ബിജെപിയെ വളർത്തി കോൺഗ്രസിനെ തകർക്കാം എന്നതായിരുന്നു അതിന് പിന്നിലെ തന്ത്രം. ഈ തെരഞ്ഞെടുപ്പ് കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടമായി മാറ്റാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിഞ്ഞു. ജനങ്ങളുടെ മതേതര മനസ് തിരിച്ചറിയാൻ ഇടത്പക്ഷത്തിന് ആയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ സിപിഎം യെച്ചൂരി പറഞ്ഞ വഴിയേ സഞ്ചരിക്കണം ആയിരുന്നു. ആലപ്പുഴയിലെ പരാജയത്തെക്കുറിച്ച് പാർട്ടി പരിശോധിക്കും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ 27ന് യുഡിഎഫ് യോഗം ചേരും. സംസ്ഥാനത്തുടനീളം ബിജെപിക്കുണ്ടായ വോട്ട് വർധനവിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിലെ പരാജയം അംഗീകരിക്കുന്നു എന്നും മതേതര ജനാധിപത്യ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഉയർത്തിപ്പിടിച്ച മതേതര വിശ്വാസവും, മോദി- പിണറായി വിരുദ്ധ വികാരവും, രാഹുൽഗാന്ധിയുടെ വയനാട് മത്സരവും ആണ് കേരളത്തിൽ യുഡിഎഫിന് അഭൂതപൂർവമായ വിജയം സമ്മാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.