ബെഗളൂരു: ചന്ദ്രന്‍റെ രഹസ്യങ്ങള്‍ അടുത്തറിയാൻ രണ്ടാം ചാന്ദ്ര ദൗത്യവുമായി ഇന്ത്യ. ‘ചന്ദ്രയാന്‍ 2’ എന്ന് പേരിട്ടിക്കുന്ന ഉപഗ്രഹം ജൂലൈ പതിനഞ്ചിന് പുലർച്ചെ 2.51നാണ് വിക്ഷേപണം. അങ്ങനെയെങ്കിൽ സെപ്റ്റംബര്‍ ആറോടെ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്‍റെ പ്രതലത്തില്‍ ഇറങ്ങും. വിക്ഷേപണം നടത്തിയ ഉപഗ്രഹം ചന്ദ്രനിലെത്താൻ പരമാവധി 35 മുതൽ 45 ദിവസം വരെയെടുക്കും.
ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയടങ്ങുന്ന ചാന്ദ്രയാന്‍റെ രണ്ടാം ദൗത്യത്തിലെ മൂന്ന് മൊഡ്യൂളുകളുടെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. വിക്രം സാരാഭായിയോടുള്ള ആദരസൂചകമായി ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്‍റെ പേര് വിക്രം എന്നാണ്. ചന്ദ്രന്‍റെ ഉപരിതലത്തില്‍ വെള്ളത്തിന്‍റെ തന്മാത്രകള്‍ ഉണ്ടെന്ന വിവരം പുറത്തുകൊണ്ടുവന്ന ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം 2008 നവംബര്‍ 14നാണ് ചന്ദ്രനിലിറങ്ങിയത്.
സോഫ്റ്റ് ലാൻഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്ന ചാന്ദ്രയാൻ രണ്ട് അതിസങ്കീർണമായ ലാൻഡിംഗിനാണ് ഒരുങ്ങുന്നത്. ചാന്ദ്രയാൻ ഒന്ന് അടക്കം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആർഒ സ്വീകരിച്ചിരുന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ട് സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ഇന്ത്യക്ക് മുമ്പ് അമേരിക്കയും ചൈനയും റഷ്യയും സോഫ്റ്റ് ലാൻഡിംഗ് രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത്.
റോവറിന്‍റെ പേര് 'പ്രഗ്യാൻ' എന്നാണ്. ചന്ദ്രന്‍റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തിൽ ഒരു പേടകവും ഇറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രഗ്യാന്‍റെ ജോലിയും ബുദ്ധിമുട്ടുള്ളതാണ്. ചന്ദ്രന്‍റെ ഉപരിതലത്തിൽ കറങ്ങി വിവരങ്ങളെത്തിക്കലാണ് 'പ്രഗ്യാന്‍റെ' ദൗത്യം. ജിഎസ്എൽവിയുടെ ഏറ്റവും മികച്ച ലോഞ്ചറായ ഫാറ്റ് ബോയ് എന്ന മാർക്ക് 3യാണ് ചന്ദ്രയാൻ രണ്ട് ബഹിരാകാശത്തെത്തിക്കുക. 800 കോടി രൂപയാണ് ചന്ദ്രയാന്‍ രണ്ടിന്‍റെ ചിലവിലേക്കായി ഇന്ത്യ കരുതിയിരിക്കുന്നത്.
തമിഴ്‍നാട്ടിലെ മഹേന്ദ്രഗിരിയിലും കർണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമായി ദൗത്യത്തിന്‍റെ മൊഡ്യൂളുകളുടെ അവസാനഘട്ട ഒരിക്കങ്ങൾ നടന്നു. മൊഡ്യൂളുകൾ തമ്മിൽ യോജിപ്പിച്ചതും ഐഎസ്ആർഒയുടെ ബെംഗളൂരു ക്യാംപസിൽ വെച്ചാണ്. ദൗത്യത്തിന്‍റെ അവസാന വട്ട പരീക്ഷണങ്ങൾ പൂർത്തിയായതായി ഐഎസ്ആർഒ നേരത്തേ അറിയിച്ചിരുന്നു. ജൂൺ 19ന് ബെംഗളൂരു ക്യാംപസിൽ നിന്ന് ചന്ദ്രയാന്‍ രണ്ടിന്‍റെ മൊഡ്യൂളുകൾ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ചന്ദ്രന്‍റെ ഉപരിതലത്തിലെ ജലകണികകളുടെ സാന്നിധ്യം തിരിച്ചറിയാനും മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനും അടക്കം ഉപരിതലത്തിന്‍റെ ത്രി ഡി മാപ്പിംഗ് വരെ എടുക്കാൻ കഴിവുള്ളതാണ് ചന്ദ്രയാന്‍ രണ്ട്.