നിയോണ്‍: ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ക്ലബായ റയല്‍ മാഡ്രിഡിനെ എതിരിടുമൊയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ജൂലൈ 10ന് ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെയാണ് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വെച്ചിരിക്കുന്നത്. നിലവില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിന്‍റെ താരമാണ് റോണാള്‍ഡോ. ആരാധകരുടെ ആഗ്രഹം യാഥാര്‍ഥ്യമാകണമെങ്കില്‍ കൊവിഡ് 19 കാരണം മാറ്റിവെച്ച ശേഷിച്ച പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ യുവന്‍റസും റയലും വലിയ മാര്‍ജിനില്‍ ജയിക്കണം. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ യുവന്‍റസിന് ല്യോണാണ് എതിരാളികള്‍. അതേസമയം റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരിടും.
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും തമ്മിലുള്ള ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ല്യോണും യുവന്‍റസും തമ്മില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ല്യോണ്‍ ഏകപക്ഷീയമാ ഒരു ഗോളിനും വിജയിച്ചു. ഉയര്‍ന്ന മാര്‍ജിനില്‍ രണ്ടാം പാദ മത്സരങ്ങള്‍ ജയിച്ചാലെ യുവന്‍റസിനും റയലിനും ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കാനാകൂ. ഇരു പാദങ്ങളിലുമായി നേടിയ ഗോളുകളുടെ അടിസ്ഥാനത്താലാകും ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത തീരുമാനിക്കുക.
ഓഗസ്റ്റ് എഴ്, എട്ട് തീയതികളിലാണ് രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക. അതേസമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ ക്വാര്‍ട്ടറില്‍ ഇരുപാദ മത്സരങ്ങള്‍ ഉണ്ടാകില്ല. ക്വാര്‍ട്ടര്‍ ഫൈനലിന് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ ആതിഥേയത്വം വഹിക്കും.