കൊല്ലം: തെരുവ് നായ്ക്കൾ കടിച്ചു കീറിയ പശുക്കുട്ടിക്ക് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ പുനർജന്മം. ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാമില്‍ ഇന്നലെ പുലർച്ചെ നാലിനാണ് തെരുവുനായ്ക്കൾ പശുക്കുട്ടിയെ ആക്രമിച്ചത്. ആറോളം തെരുവുനായകൾ പശുക്കിടാവിനെ കടിച്ചുകീറി. രണ്ടു ചെവികൾ പൂർണ്ണമായും നായ്ക്കൾ കടിച്ചെടുത്തു. രാവിലെ ജോലിക്ക് എത്തിയ ജീവനക്കാർ ഉടൻതന്നെ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
ഇരു ചെവികളും തുന്നിച്ചേർത്ത് 'ഇയർ കനാൽ റീ കൺസ്ട്രക്ഷൻ' എന്ന സർജറിയിലൂടെ കിടാവിന് പൂർണ്ണ കേൾവി തിരിച്ചു കിട്ടുന്ന തരത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പുറത്തു നിന്ന് അടിയന്തരമായി എത്തിച്ച ഒരു ലിറ്ററോളം രക്തവും പശുക്കിടാവിന് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ മുറിവുകൾ പൂർണമായും ഭേദപ്പെടുമെന്ന് ഡോക്ടർമാർ പറഞ്ഞു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്റിനറി സർജൻമാരായ ഡോക്ടർ ഡി ഷൈൻ കുമാർ, ഡോ ബി അജിത് ബാബു, വെറ്റിനറി സർജന്മാരായ ഡോ എസ് രാജു, ഡോ ആര്യ സുലോചനൻ, വിനോദ് എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.