ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയക്ക് ചൈനയില്‍ നിരോധനം. ഏപ്രിൽ മുതൽ തന്നെ നിരോധനം പ്രാബല്യത്തിൽ വന്നെങ്കിലും ചൈനയുടെ ചില പ്രവിശ്യകളിൽ വിക്കിപീഡിയ ഭാഗികമായി ലഭ്യമായിരുന്നു. എന്നാൽ ഈ മാസം ആദ്യവാരത്തോകൂടി നിരോധനം പൂർണമായി. ആദ്യം ചൈനീസ് ഭാഷാ വിക്കിപീഡിയക്ക് മാത്രമായിരുന്നു രാജ്യത്ത് നിരോധനം. എന്നാൽ പിന്നീട് വിക്കിപീഡിയയുടെ മറ്റ് ഭാഷകള്‍ക്കും നിരോധനം ഏർപ്പെടുത്തുകയായിരുന്നു. വിഷയത്തിൽ ഔദ്യോഗികമായി സെൻസർഷിപ്പ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ അറിയിച്ചു.
രാജ്യത്തിന്റെ നയവുമായി യോജിക്കാത്ത ഉള്ളടക്കങ്ങൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നതും ചൈനയിൽ ലഭ്യമല്ലാത്ത വെബ്സൈറ്റുകൾ വിക്കിപീഡിയയുമായി ബന്ധം പുലർത്തുന്നതുമാണ് നിരോധനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ചൈനീസ് ഭരണകൂടത്തിൻറെ വിക്കിപീഡിയ നിരോധനം ലോകവ്യാപകമായി വൻ പ്രതിഷേധതിനാണ് വഴി വെച്ചിരിക്കുകയാണ്.