ദുബായ്: പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പരിക്ക് സാരമുള്ളതല്ലെന്ന് മുംബൈ ഇന്ത്യന്‍സിന്‍റെ നായകന്‍ രോഹിത് ശര്‍മ. ദുബായില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ഫൈനലിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍. ബോള്‍ട്ട് ഫൈനലില്‍ പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസ് സംബന്ധിച്ച് ടീം മാനേജ്മെന്‍റുമായി ചേര്‍ന്ന് തീരുമാനം എടുക്കും. ന്യൂ ബോളില്‍ ബോള്‍ട്ട് അപകടകാരിയാണ്. പവര്‍ പ്ലേയില്‍ വിക്കറ്റ് വീഴ്‌ത്താനും അദ്ദേഹത്തിന് സാധിക്കുന്നു. ലോക ക്രിക്കറ്റില്‍ ഏറ്റവും നന്നായി ന്യൂ ബോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ബൗളാറാണ് അദ്ദേഹം. ഡല്‍ഹിക്ക് എതിരായ മത്സരത്തില്‍ ബോള്‍ട്ടിന് പന്തെറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ ആദ്യ ക്വാളിഫയറില്‍ ബോള്‍ട്ടിന്‍റെ പേശിക്ക് പരിക്കേറ്റിരുന്നു. മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രമാണ് ബോള്‍ട്ട് എറിഞ്ഞത്. ഐപിഎല്ലിലെ ഈ സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ബോള്‍ട്ട്. 22 വിക്കറ്റുകളാണ് സീസണില്‍ ബോള്‍ട്ടിന്‍റെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്ത് 27 വിക്കറ്റുമായി മുംബൈയുടെ തന്നെ ബുമ്രയും ഒന്നാം സ്ഥാനത്ത് ഡല്‍ഹിയുടെ കാസിഗോ റബാദയുമാണ്.