തൃശ്ശൂര്‍: മഴക്കാലത്ത് മാത്രം നാട്ടിടവഴികളില്‍ പൂവിട്ടിരുന്ന കണ്ണാന്തളിപൂക്കള്‍ മലയാളിമനസ്സിലെ ഗൃഹാതുരതയാണ്. എന്നാല്‍ ഇനി മുതല്‍ മഴക്കാലത്ത് മാത്രമല്ല, എല്ലാകാലത്തും കണ്ണാന്തളി പൂക്കള്‍ പൂവിടുമെന്ന് കണ്ടെത്തിയിരിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല. വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജിലെ ഫ്ലോറികൾച്ചർ വിഭാഗം മേധാവി ഡോ. യു ശ്രീലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിത്ത് മുഖേന ഏതു കാലത്തും കണ്ണാന്തളി ചെടികള്‍ വളര്‍ത്തിയെടുക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
കാലവർഷക്കാലത്ത‌് മുളയ്ക്കുകയും പൂവിട്ട് കഴിഞ്ഞാല്‍ നവംബർ– ഡിസംബര്‍ മാസമാകുന്നതോടെ ഉണങ്ങിപ്പോകുകയും ചെയ്യുന്ന വിഭാഗമാണ് കണ്ണാന്തളി ചെടികള്‍. അതുകൊണ്ട് തന്നെ മഴക്കാലത്ത് മാത്രം വളരുന്ന ചെടിയെന്ന രീതിയിലായിരുന്നു ഇവയെ പരിഗണിച്ചിരുന്നത്. എന്നാല്‍ മഴക്കാലത്തുണ്ടാകുന്ന വളർച്ചയും പുഷ്പിക്കലും ഏതുകാലത്തും സാധ്യമാകുമെന്നാണ് പുതിയ കണ്ടെത്തല്‍.
അലങ്കാരസസ്യമായി ഉപയോഗിക്കാന്‍ കഴിയുന്ന കണ്ണാന്തളി ചെടികള്‍ സാധാരണയായി ചെങ്കല്‍ക്കുന്നുകളിലാണ് കണ്ടുവരുന്നത്. എന്നാല്‍ കുന്നിടിക്കലും മറ്റും മൂലം ചെടികളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥ നഷ്ടമായതോടെ ചെടികളും നാട്ടിന്‍പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങി. എന്നാല്‍ പുതിയ കണ്ടെത്തലോടെ തിരിച്ചുവരവിന്‍റെ പാതയിലാണ് കണ്ണാന്തളി ചെടികള്‍. കടുത്ത വേനലില്‍ പോലും ഫ്ലോറികള്‍ച്ചര്‍ വിഭാഗത്തിന്‍റെ പൂന്തോട്ടത്തില്‍ കണ്ണാന്തളി പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു.