ഗുവഹത്തി: അസം പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 18 ജില്ലകളിലായുള്ള 1500ഓളം ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. 16818028 ഹെക്ടർ കാർഷിക ഭൂമിയെ വെള്ളപ്പൊക്കം ബാധിച്ചതായി അസം ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
ധേമാജി, ലഖിംപൂർ, ബിശ്വനാഥ്, ചിരംഗ്, ദാരംഗ്, നൽബാരി, ബാർപേട്ട, ബൊംഗൈഗാവ്, കൊക്രാജർ, ധുബ്രി, സൗത്ത് സൽമര, ഗോൽപാറ, കമ്രൂപ്, കമ്രൂപ് മെട്രോപൊളിറ്റൻ, മോറിഗാവ്, നാഗോൺ, ഗോലാഗിറ്റ്, ജോർഹാട്ട് എന്നിവിടങ്ങളിലായുള്ള 13.3 ലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
അധികൃതര്‍ ജനങ്ങള്‍ക്കായി 323 ദുരിതാശ്വാസ ക്യാമ്പുകളും അവശ്യസാധനങ്ങളുടെ വിതരണ കേന്ദ്രവും പതിമൂന്ന് ജില്ലകളിലായി ആരംഭിച്ചു. 65884 പേരാണ് വിവിധ ദുരിതാശ്വസ ക്യാമ്പുകളിലായി കഴിയുന്നത്.
ബ്രഹ്മപുത്ര, ജിയ ഭരളി, പഗ്ലാഡിയ തുടങ്ങി നിരവധി നദികൾ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ കരകവിഞ്ഞൊഴുകുകയാണെന്ന് കേന്ദ്ര ജല കമ്മിഷൻ അധികൃതർ അറിയിച്ചു. അതേസമയം പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു.