ന്യൂഡൽഹി: ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ ട്വീറ്റ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. ഗാന്ധി വധം ന്യായീകരിക്കാന്‍ ആകില്ലെന്നും തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്നലെ മുതല്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. രാജീവ് ഗാന്ധിയേയും നാഥുറാം ഗോഡ്സെയേയും താരതമ്യം ചെയ്ത കർണാടക ബിജെപി എംപി നളിൻ കുമാർ കട്ടീലും തന്‍റെ ട്വീറ്റ് നീക്കം ചെയ്തിരുന്നു. അതേസമയം ബിജെപി നേതാക്കളെ തള്ളിപ്പറഞ്ഞ് അമിത് ഷാ രംഗത്തെത്തി. നേതാക്കളുടെ പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. നേതാക്കളുടെ പരാമർശം പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അച്ചടക്ക സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഗോഡ്സെ രാജ്യ സ്നേഹിയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു അനന്ത് കുമാര്‍ ഹെഗ്ഡെയുടെ ട്വീറ്റ്. ഇപ്പോൾ ഗോഡ്‌സെയെ കുറിച്ച് ചർച്ച ഉയരുന്നതിൽ സന്തോഷമുണ്ടെന്നാണ് ട്വീറ്റില്‍ പറഞ്ഞിരുന്നത്. അതേസമയം ഒരാളെ കൊന്ന ഗോഡ്‌സെ ആണോ 72 പേരെ കൊന്ന അജ്മൽ കസബ് ആണോ 17,000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതൽ ക്രൂരനെന്ന് പരിശോധിക്കണം എന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്‍റെ പ്രതികരണം. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്നത്തെ തലമുറ ഗോഡ്സെയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന മക്കള്‍ നീതി മയ്യം നേതാവും സിനിമാ നടനുമായ കമല്‍ഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് പ്രഗ്യാ സിംഗിന്‍റെ വിവാദ പരാമര്‍ശം.