കണ്ണൂര്‍: കുട്ടികളിൽ വായന സംസ്കാരം വളർത്തിയെടുക്കാൻ കെട്ടുവള്ള മാതൃകയിൽ വായനശാല ഒരുക്കി കണ്ണൂരിലെ മാവിലായി യുപി സ്കൂള്‍. വായനയുടെ പുതിയ ലോകം കുട്ടികൾക്കായി സൃഷ്ടിക്കാനാണ് വ്യത്യസ്തമായി അക്ഷരതോണി നിർമ്മിച്ചത്.
നീറ്റിലിറക്കാത്ത ഈ തോണി നിറയെ പുസ്തകങ്ങളാണ്. അധ്യാപകരും, സ്കൂൾ ജീവനക്കാരും, പിടിഎയും നാട്ടുകാരും അക്ഷരത്തോണിക്കായി തുക സമാഹരിച്ചു. കുട്ടികൾ നിർമ്മിച്ച് വിറ്റ സോപ്പിന്‍റെ ലാഭവും വായനക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ലാഭവും ചേർത്ത് വായനവള്ളം പൂർത്തിയാക്കി. രണ്ട് ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ബാലസാഹിത്യ കൃതികൾ, മാസികകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയാണ് അക്ഷരത്തോണിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വായനക്കൊപ്പം വായിച്ച കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അധ്യാപകരായ എൻ വി രഞ്ജിത്ത്, രാജേഷ് കീഴാത്തൂർ എന്നിവർ ചേർന്നാണ് ഈ ആശയത്തിന് രൂപം നൽകിയത്. അവധിക്കാലം കഴിഞ്ഞാലും അക്ഷരത്തോണി നിറയ്ക്കാനായി വിവിധ തരം പുസ്തകങ്ങൾ എത്തിക്കാനുള്ള പ്രവർത്തനത്തിലാണ് മാവിലായി സ്കൂളിലെ അധ്യാപകർ.