ബെംഗളൂരു: പരസ്‌പര സമ്മതത്തോടെയാണെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റക്കരമെന്ന് കര്‍ണാടക ഹൈക്കോടതി. പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ; 2019 നവംബർ 28ന് ബെംഗളൂരിലെ ഒരു സ്വകാര്യ കോളജിൽ പഠിക്കുന്ന 16 വയസുകാരി തിരുനെല്ലിയിലെ കാമുകൻ കൃഷ്ണ കാണാൻ പോയി. തുടർന്ന് തിരികെ വരാതിരുന്ന മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് അടുത്ത ദിവസം ഗിരിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടുപേരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ഈ കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി.
പെണ്‍കുട്ടി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന വാദം ഉയര്‍ത്തിയാണ് പ്രതി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചു. ഇരുവരും പരസ്പരം പ്രണയത്തിലാണെന്നും സമ്മതത്തോടെയാണ് പെണ്‍കുട്ടി വീട് വിട്ട് വന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. യുവതിക്ക് 16 വയസ് മാത്രമായതിനാല്‍ പരസ്‌പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന വാദത്തിന് പ്രസക്‌തി ഇല്ലെന്ന് കോടതി വ്യക്തമാക്കി.
മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം പ്രതിയും യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. യുവാവിനെതിരെ പോക്സോ ആക്ട് പ്രകാരവും ബലാത്സംഗത്തിനുമാണ് പൊലീസ് കേസെടുത്തത്. യുവാക്കൾ പലതവണ ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നാണ് യുവാവ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.