പോർട്ട് ബ്ലയർ: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,949 ആയി. ദ്വീപിലെ ആകെ മരണസംഖ്യ 67 ആണ്. 58 പേർ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 5,701 ആയി. നിലവിൽ ഈ കേന്ദ്രഭരണ പ്രദേശത്ത് 181 സജീവ കേസുകളാണുള്ളത്. ഇവയിൽ 180 കേസുകൾ തെക്കൻ ആൻഡമാനിലും ഒന്ന് വടക്കൻ-മധ്യ ആൻഡമാനിലുമാണ്.
രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നിവ നിയന്ത്രിക്കുന്നതിനായി കർശന നടപടികളാണ് പ്രാദേശിക ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പ്രധാന ഭൂപ്രദേശത്ത് നിന്നും ഇവിടെയെത്തുന്നവർ ഉറപ്പായും ആന്‍റിജൻ പരിശോധനയ്‌ക്ക് വിധേയരായിരിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ദക്ഷിണ ആൻഡമാൻ ജില്ലയിൽ കുറഞ്ഞത് 10 പ്രദേശങ്ങളെങ്കിലും കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിന് പുറമേ വ്യാപാര സ്ഥാപനങ്ങൾ, പലചരക്ക്, പച്ചക്കറി സ്റ്റോറുകൾ, മീറ്റ് ഷോപ്പുകൾ, ബേക്കറികൾ മുതലായവയും അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. റെസ്‌റ്റൊറന്‍റുകളിലും ഹോട്ടലുകളിലും ഇരുന്നു ഭകഷണം കഴിക്കാൻ അനുവദിക്കില്ല. അതേസമയം മെഡിക്കൽ ഷോപ്പുകൾ പോലുള്ള അവശ്യസേവനങ്ങൾക്ക് കർഫ്യൂ ബാധകമല്ല. സാമൂഹിക, രാഷ്‌ട്രീയ, മതപരമായ ഒത്തുചേരലുകൾ നിരോധിച്ചതായും അധികൃതർ അറിയിച്ചു.
കൊവിഡിന്‍റെ രണ്ടാം തരംഗം പ്രദേശത്തെ ടൂറിസം മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം നിരവധി വിനോദസഞ്ചാരികളുടെ വരവും നിലച്ചിരിക്കുകയാണ്. അതേസമയം ഇവിടേക്ക് എത്തുന്ന ആളുകളിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ അവർക്ക് ഇവിടത്തെ ഹോട്ടലുകളിൽ തന്നെ ഒരു നിശ്ചിത തുക നൽകിക്കൊണ്ട് താമസിക്കാനും തുടർചികിത്സ നടത്താനുമുള്ള സൗകര്യം ഏർപ്പെടുത്തിയതായും ഭരണകൂടം അറിയിച്ചു.
ദ്വീപിൽ ഇതുവരെ 1,08,597 പേർക്ക് വാക്‌സിനേഷൻ നടത്തി. ഇവരിൽ 13,507 പേർ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചവരാണ്. ഇതുവരെ 3,70,896 സാമ്പിളുകൾ പരിശോധിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.60 ശതമാനമാണ്.