ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് സൈനികരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി സൈനീക വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ 20 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ള നാല് സൈനീകര്‍ക്കും സാരമായ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ ബലിയർപ്പിച്ച സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനീകര്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. കേണല്‍ റാങ്കില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥനടക്കമുള്ള സൈനീകരാണ് വീരമൃത്യു വരിച്ചത്.