തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂടും (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി) മികച്ച നടിയായി കനി കുസൃതിയും (ബിരിയാണി) തെരഞ്ഞെടുക്കപ്പെട്ടു. രാജ്യന്തര മേളകളിൽ ബിരിയാണിയിലെ അഭിനയത്തിന് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. നടനും നടിക്കുമുള്ള പുരസ്‌കാരങ്ങൾക്ക് കടുത്ത മത്സരമാണ് നടന്നത്. സുരാജിനൊപ്പം,ഫഹദ് ഫാസിൽ അവസാന ഘട്ടം വരെ എത്തിയിരുന്നു. എന്നാൽ അവസാന റൗണ്ടിൽ സുരാജിനെ മികച്ച നടനായി തെരഞ്ഞെടുത്തപ്പോൾ ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം (കുമ്പളങ്ങി നൈറ്റ്സ്) നേടി. സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വാസിക വിജയിക്കും (വാസന്തി) ലഭിച്ചു.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ജല്ലിക്കെട്ട് സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുത്തത് റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത 'വാസന്തി'യാണ്. ഷനോസ് റഹ്മാൻ, ഷജാസ് റഹ്മാൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച തിരക്കഥക്കുള്ള അവാർഡ് ഷാഹുൽ അലിയാറിന് (വാസന്തി) ലഭിച്ചു. രണ്ടാമത്തെ മികച്ച ചിത്രം മനോജ് കാനയുടെ 'കെഞ്ചിറ'യാണ്. മൂത്തോൻ സിനിമയിലെ അഭിനയത്തിന് നിവിൻ പോളിക്കും ഹെലൻ സിനിമയിലെ അഭിനയത്തിന് അന്ന ബെന്നിനും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച ഗായകൻ നജീം അർഷാദ് (കെട്ട്യോളാണ് എന്‍റെ മാലാഖ), ഗായിക മധുശ്രീ നാരായണൻ (കോളാമ്പി) എന്നിവരാണ്. ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയായി തെരഞ്ഞെടുത്തത് കുമ്പളങ്ങി നൈറ്റ്സ് ആണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും പരിഗണിച്ച് സുശീൽ ശ്യാമിനെ മികച്ച സംഗീത സംവിധായകനായി ജൂറി തെരഞ്ഞെടുത്തു. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ "പുലരിപ്പൂ പോലെ ചിരിച്ചും..." എന്ന ഗാനം രചിച്ച സുജേഷ് ഹരിക്കാണ് മികച്ച ഗാന രചയിതാവിനുള്ള പുരസ്‌കാരം. ബാലതാരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 'സുല്ല്, കള്ളനോട്ടം' എന്നീ ചിത്രങ്ങളിലൂടെ വാസുദേവ് സജീഷ് മാരാറേയും പെൺകുട്ടികളുടെ വിഭാഗത്തിൽ 'ഞാൻ' എന്ന ചിത്രത്തിലൂടെ കാതറിൻ ബിജിയും പുരസ്‌കാരം നേടി. കെഞ്ചിറ, ഇ 50 എന്നീ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച പ്രതാപ് പി. നായർ മികച്ച ഛായാഗ്രാഹകനായി. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം 'തോട്ടത്തിലൂടെ' പി.എസ് റഫീഖ് നേടി. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം അജ്‌മൽ ഹസ്ബുള്ളയും എഡിറ്റിനിങ്ങിനുള്ള പുരസ്‌കാരം 'ഇഷ്ക്കി'ലൂടെ കിരൺ ദാസും നേടി. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളുടെ കലാസംവിധാനം നിർവഹിച്ച ജ്യോതിഷ് ശങ്കറിനാണ് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം.
സിങ്ക് സൗണ്ട് - ഹരികുമാർ മാധവൻ നായർ, ശബ്ദമിശ്രണം - കണ്ണൻ ഗണപതി, ശബ്ദ രൂപകൽപ്പന - ശ്രീശങ്കർ ഗോപിനാഥ്, മികച്ച പോസസിംഗ് ലാബ് /കളറിസ്റ്റ് - ലിജു എന്നിങ്ങനെയാണ് മറ്റ് സാങ്കേതിക മേഖലയിലെ പുരസ്‌കാരങ്ങൾ. ഹെലൻ എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് അമ്പാടി മേക്കപ്പ്മാനും അശോകൻ ആലപ്പുഴയ്ക്ക് വസ്ത്രാലങ്കാരത്തിനും പുരസ്‌കാരം ലഭിച്ചു. വിനീത് രാധാകൃഷ്‌ണൻ, ശ്രുതി രാമചന്ദ്രൻ എന്നിവർക്കാണ് ഡബ്ബിങ് ആർട്ടിസ്റ്റുമാർക്കുള്ള പുരസ്‌കാരം. ബൃന്ദ, പ്രസന്ന, സുജിത്ത് എന്നിവരാണ് നൃത്ത സoവിധായകർ. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ ഒരുക്കിയ രജീഷ് പൊതുവാളിനെ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തു. നാനി എന്ന ചിത്രമാണ് കുട്ടികളുടെ മികച്ച ചിത്രം. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ പ്രിയംവദ കൃഷ്‌ണനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്. 159 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. അഞ്ച് ചിത്രങ്ങൾ കുട്ടികൾക്കുള്ള ചിത്രമായിരുന്നു. 71 ചിത്രങ്ങൾ നവാഗത സംവിധായകരുടെതായിരുന്നു. മത്സരവിഭാഗത്തിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച നിലവാരം പുലർത്തിയ ചിത്രങ്ങളെന്നായിരുന്നു, ജൂറി ചെയർമാൻ മധു അമ്പാട്ടിൻ്റെ പ്രതികരണം.