ചെന്നൈ: കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പൊലീസ് ഉദ്യോഗസ്ഥരോട് ഒരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കില്ലെന്ന് തമിഴ്‌നാട് ഡിജിപി ജെ.കെ ത്രിപാഠി. സേലത്തെ കർഷകനായ മുരുകേശനെ പൊലീസ് മർദിച്ചതും പിന്നീട് അദ്ദേഹം മരണപ്പെട്ടതുമായ സംഭവം അപലപനീയമാണെന്നും ഡിജിപി പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് യാതൊരുവിധ ഇളവും ഉണ്ടാകില്ലെന്നും പ്രതിയായ എസ്‌ഐയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
എസ്‌ഐ പെരിയസ്വാമിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിന്‍റെ ഏക ആശ്രിതനായിരുന്നു മുരുകേശനെന്നും താനും മൂന്ന് മക്കളും അനാഥരായെന്നും മുരുകേശന്‍റെ ഭാര്യ പറഞ്ഞു.
READ MORE: പട്ടാപ്പകൽ യുവാവിനെ ലാത്തിക്കടിച്ച് കൊന്നു; എസ്‌ഐ പിടിയിൽ
സേലം പപ്പാനായ്ക്കൻപട്ടി ചെക്ക്പോസ്റ്റിൽ ചൊവ്വാഴ്‌ചയാണ് സംഭവം. പട്ടാപ്പകലാണ് പൊലീസുകാരൻ മുരുകേശനെ ലാത്തിവച്ച് അടിച്ചത്. യുവാവിനെയും സംഘത്തെയും ചെക്ക്പോസ്റ്റിൽ വച്ച് വാഹന പരിശോധനയ്ക്കായി പൊലീസ് തടഞ്ഞ് നിർത്തി. മദ്യപിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കമാരംഭിച്ചത്. മുരുകേശനൊപ്പമുണ്ടായിരുന്ന ബന്ധുവാണ് മർദിക്കുന്നതിന്‍റെ വീഡിയോ ചിത്രീകരിച്ചത്.