കാസർകോട്: കർണ്ണാടക സുള്ള്യയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതക കേസ് എൻ.ഐ.എക്ക് കൈമാറി. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസാണ് എൻ.ഐ.എക്ക് വിട്ടത്. കേസിന്‍റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ദേശവിരുദ്ധ ശക്തികൾ കേസിന്‍റെ ഭാഗമെന്നും കർണാടക സര്‍ക്കാര്‍ അറിയിച്ചു. കൊലപാതക കേസ് എൻ.ഐ.എക്ക് വിടണമെന്ന് ബി.ജെ.പി -യുവമോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ -പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും ഇതിന് മുമ്പായി ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ജൂലൈ 26നാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ ബിജെപി -യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം മൂര്‍ച്ചയുള്ള ആയുധങ്ങളുമായി വെട്ടികൊലപ്പെടുത്തിയത്. ഈ കേസിൽ രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ മുഖ്യ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ആക്രമണത്തിന് കേരള രജിസ്ട്രേഷൻ വാഹനമാണ് ഉപയോഗിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്.
also read: യുവമോർച്ച നേതാവിന്‍റെ കൊലപാതകം: ദക്ഷിണ കന്നഡ മേഖലയിൽ വ്യാപക സംഘർഷം