വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ഗജുവാക്കയിൽ താമസിക്കുന്ന ഒരു യൂട്യൂബറാണ് സഞ്ജു എന്ന സിംഹാദ്രി. എല്ലാ യുവാക്കളെയും പോലെ സഞ്ജുവിനും ഒരു ബൈക്കിനോട് പ്രത്യേക കമ്പമുണ്ടായിരുന്നു. ഹീറോ കമ്പനിയായ എക്‌സ്‌പ്ലോസീവ് 4V-യുടെ സ്‌പോർട്‌സ് ബൈക്കായിരുന്നു അത്. ബൈക്ക് വാങ്ങാനായി സിംഹാദ്രി പണം സ്വരൂപിച്ചു.
ഒടുവില്‍ 1.60 ലക്ഷം രൂപ നല്‍കി ബൈക്ക് സ്വന്ത്വമാക്കാന്‍ സിംഹാദ്രി തീരുമാനിച്ചു. എന്നാല്‍ ഈ യൂട്യൂബര്‍ ബൈക്കിന് പണം നല്‍കിയത് വ്യത്യസ്‌തമായ രീതിയിലാണ്. 1.60 ലക്ഷം രൂപയും നാണയങ്ങളായി നല്‍കിയാണ് സിംഹാദ്രി തന്‍റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയത്. ഷോറൂം ഉടമയുമായുള്ള പരിചയം സിംഹാദ്രിയെ തന്‍റെ സ്വപ്‌ന സാക്ഷാത്കാരത്തിന് സഹായിച്ചു.
ബാങ്കുകളുമായി കൂടിയാലോചിച്ചാണ് ഉടമ നാണയങ്ങൾ സ്വീകരിച്ചത്. അങ്ങനെ 1.60 ലക്ഷം രൂപയുടെ നാണയങ്ങൾ നിറച്ച ബാഗുകളുമായി ഷോറൂമിലെത്തി സിംഹാദ്രി തന്‍റെ സ്വപ്‌ന ബൈക്ക് സ്വന്തമാക്കി. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നുവെന്ന് ഷോറൂം ഉടമ അലി ഖാന്‍ പറഞ്ഞു.
രണ്ട് വർഷം മുമ്പ് തനിക്ക് ഈ ആശയം മനസില്‍ തോന്നിയെന്നും ഇതൊരു വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നെങ്കിലും കഠിനാധ്വാനം കൊണ്ട് താൻ ഉദ്ദേശിച്ചത് നേടിയെടുത്തുവെന്നും സിംഹാദ്രി പറഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഒരാള്‍ നാണയങ്ങള്‍ നല്‍കി ബൈക്ക് സ്വന്തമാക്കുന്നത്.