ന്യൂഡൽഹി: ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ മൂത്രവും ചാണകവും അടങ്ങിയിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ നിന്നും നീക്കംചെയ്യാന്‍ ഗൂഗിളിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. 'ക്യാച്ച്' ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളെ ലക്ഷ്യമിട്ടാണ് അപകീർത്തികരമായ വീഡിയോകൾ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് ബ്രാന്‍ഡിനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ബോധ്യപ്പെട്ടതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
'ഇത്തരം യുട്യൂബ് വീഡിയോകള്‍ പൊതുജനങ്ങളെ സ്വാധീനിക്കാനും വ്യാജ പ്രചാരണങ്ങള്‍ ആളുകള്‍ വിശ്വാസത്തിലെടുക്കാനും സാധ്യതയുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോകള്‍ ധാരാളം ആളുകൾ കാണാനും ഷെയര്‍ ചെയ്യാനും സാധ്യതയുണ്ട്' - ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സഞ്ജീവ് നരുല പറഞ്ഞു. പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ 'ക്യാച്ചിനു'വേണ്ടി ധരംപാൽ സത്യപാൽ സൺസ് പ്രൈവറ്റ് ലിമിറ്റഡാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്.