സമ്രാല (പഞ്ചാബ്) : 50 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ മദ്യലഹരിയില്‍ അടിച്ച് കൊലപ്പെടുത്തി യുവാവ്. ബിഹാര്‍ മോത്തിഹാരി സ്വദേശി ശിവനാഥ് മുഖ്യ (45) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഇയാളുടെ സുഹൃത്ത് ഇനേര്‍ജിത്ത് മുഖ്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സമ്രാലയിലെ ധില്‍വന്‍ ഗ്രാമത്തിലാണ് സംഭവം.
50 രൂപയെ ചൊല്ലി കലഹം : ശിവനാഥ് മുഖ്യയും ഇനേര്‍ജിത്തും ധില്‍വാന്‍ ഗ്രാമത്തിലെ വയലില്‍ ജോലി ചെയ്‌ത് വരികയായിരുന്നു. ഇന്നലെ (ഓഗസ്റ്റ് 02) രാത്രി ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ ഇനേര്‍ജിത്ത് ശിവനാഥിനോട് ഒരു പെഗ് കൂടി ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ ശിവനാഥ് തയ്യാറായില്ല.
പിന്നാലെ ശിവനാഥിനോട് ഇനേര്‍ജിത്ത് മദ്യം വാങ്ങിയ ഇനത്തില്‍ 50 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാനും ശിവനാഥ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഒരു വടിയെടുത്ത് ശിവനാഥിനെ ഇനേര്‍ജിത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശിവനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്ന് ഡിഎസ്‌പി വാര്യം സിങ് അറിയിച്ചു.
സംഭവ സമയത്ത് ഇരുവരും നന്നായി മദ്യപിച്ചിരുന്നു. അതിനാല്‍ തന്‍റെ അടിയേറ്റ് ശിവനാഥ് കൊല്ലപ്പെട്ടത് ഇനേര്‍ജിത്ത് അറിഞ്ഞിരുന്നില്ല. അടിയേറ്റ് ശിവനാഥ് നിലത്ത് വീണപ്പോഴും ഇനേര്‍ജിത്ത് മര്‍ദനം തുടര്‍ന്നു. ഇയാളുടെ തലയ്ക്ക് മാരകമായി മുറിവേറ്റിരുന്നു.
മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ കൃത്യത്തിന് ശേഷം ഇനേര്‍ജിത്തും കുഴഞ്ഞുവീണു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അതേസമയം ശിവനാഥിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കി.
മദ്യപാനത്തെ ചൊല്ലി വഴക്ക്, ഭാര്യയെ കുത്തിക്കൊന്ന് യുവാവ് : മദ്യപിച്ച് എത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള കുട്ടിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച യുവാവിനെ ഇക്കഴിഞ്ഞ ജൂലൈ 27ന് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അലിഗഡിലെ ഖ്വാര്‍സി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൗലാന ആസാദ് നഗറിലായിരുന്നു സംഭവം. റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി.
അലിഗഡ് സ്വദേശി ആസിഫാണ് അറസ്റ്റിലായത്. വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. സംഭവ ദിവസം രാത്രി അത്താഴത്തിന് ശേഷം കുറച്ചുനേരം നടക്കാനെന്ന് പറഞ്ഞ് ഇയാള്‍ ഭാര്യയെ ഒപ്പം കൂട്ടി. ഈ സമയത്താണ് ആസിഫ് ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും കുട്ടിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയും ചെയ്‌തത്. മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് ഹിന ആസിഫിനെ നിരന്തരം ശകാരിക്കുകയും ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്‌തിരുന്നു എന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്. ഇതാണ് ആസിഫിനെ കൃത്യത്തിലേക്ക് നയിച്ചത്.
കൊലപാതക വിവരം പൊതുപ്രവര്‍ത്തകനും ആസിഫിന്‍റെ വീട്ടുടമസ്ഥനുമായ ഫിറോസ് ആണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ആസിഫിനെ അറസ്‌റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്‌തു. ബന്ധുക്കളുടെ പരാതിയില്‍ പ്രതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം എസ് പി കുല്‍ദീപ് ഗുണാവത്ത് അറിയിച്ചു.