ഭരത്പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ ഭൂമി തർക്കത്തിന്‍റെ പേരിൽ യുവാവിനെ ട്രാക്‌ടർ കയറ്റി കൊലപ്പെടുത്തി. ഭരത്പൂരിലെ ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിൽ ബുധനാഴ്‌ച രാവിലെയാണ് സംഭവം. നിർപത് എന്ന യുവാവാണ് കൊല്ലപ്പെട്ടത് (Youth Killed by Tractor in Rajasthan over Land Dispute). യുവാവ് ട്രാക്‌ടറിനടിയിൽ ചതഞ്ഞ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ദാരുണമായ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജനങ്ങൾക്കിടയിൽ രോഷം പടരുകയാണ്. ബയാനയിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അദ്ദ ഗ്രാമത്തിൽ ബഹാദൂറിന്‍റെയും അടാർ സിംഗ് ഗുർജറിന്‍റെയും കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കത്തിനിടെ ആയിരുന്നു കൊലപാതകം.
ഇരു കുടുംബങ്ങളും തമ്മിൽ ഏറെ നാളായി ഭൂമി തർക്കം നിലനിൽക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. നാല് ദിവസം മുമ്പ് സദർ പൊലീസ് സ്‌റ്റേഷനിൽ ഇരുവിഭാഗവും പരസ്‌പരം കേസ് കൊടുത്തിരുന്നുവെന്നാണ് വിവരം. എന്നാൽ ബുധനാഴ്‌ച രാവിലെ ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
ബഹദൂർ സിംഗിന്‍റെ കുടുംബം ട്രാക്‌ടറുമായി തർക്കഭൂമിയിൽ എത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പിന്നാലെ അടാർ സിംഗ് ഗുർജറിന്‍റെ ഭാഗത്തുനിന്നും സ്‌ത്രീകളും പുരുഷന്മാരും സ്ഥലത്തെത്തിയെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭൂമി കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച് അടാർ സിംഗിന്‍റെ കൂട്ടത്തിലുള്ള ഒരു യുവാവ് നിലത്ത് കിടന്നെന്നും പിന്നാലെ ട്രാക്‌ടർ ഓടിച്ചിരുന്നയാൾ യുവാവിന്‍റെ ദേഹത്തേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരപത് മരണപ്പെടുന്നതു വരെ പ്രതി ട്രാക്‌ടർ വീണ്ടും വീണ്ടും ദേഹത്തേക്ക് കയറ്റിയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം (Youth crushed to death with tractor in Bharatpur). സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പ്രതികൾ ആകാശത്തേക്ക് വെടിയുതിർത്തിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. കൊലപാതകത്തിന്‍റെ വീഡിയോ ഇന്‍റർനെറ്റിൽ വൈറലായിട്ടുണ്ട്.
പ്രതി യുവാവിന്‍റെ മേൽ വാഹനം ഓടിച്ച് കയറ്റുന്നത് വീഡിയോയിൽ കാണാം. സംഭവത്തെത്തുടർന്ന് സദർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അദ്ദ ഗ്രാമത്തിൽ യുവാവ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചെന്ന് സദർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ജയ്പ്രകാശ് പറഞ്ഞു.
വിവരം ലഭിച്ച ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.