ഹൈദരാബാദ്: മകന്‍റെ ഓണ്‍ലൈൻ ചൂതാട്ടം കാരണം കർഷകനായ പിതാവിന് നഷ്‌ടമായത് 92 ലക്ഷത്തോളം രൂപ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ കർഷകനായ ശ്രീനിവാസ് റെഡ്ഡിയുടെ പണമാണ് ഇളയമകൻ ഹർഷവർദ്ധൻ റെഡ്ഡി (19) ഓണ്‍ലൈൻ ചൂതാട്ടത്തിലൂടെ നഷ്‌ടപ്പെടുത്തിയത്. ചൂതാട്ടത്തിനായി ഗ്രാമത്തിലെ ചിലരിൽ നിന്ന് വിദ്യാർഥി ഏഴ് ലക്ഷം രൂപ കടം വാങ്ങിയതായും പരാതിയുണ്ട്.
ജില്ലയിലെ ഷഹബാദ് മണ്ഡലിലെ സീതാറാംപൂരിലെ ശ്രീനിവാസ് റെഡ്ഡിയുടെ 10 ഏക്കർ ഭൂമി തെലങ്കാന സർക്കാർ അടുത്തിടെ തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്‌ചർ കോർപ്പറേഷനായി (ടിഎസ്‌ഐഐസി) ഏറ്റെടുത്തിരുന്നു. ഏക്കറിന് 10.5 ലക്ഷം രൂപ നിരക്കിൽ 1.05 കോടി രൂപ നഷ്‌ടപരിഹാരമായി ലഭിക്കുകയും ചെയ്‌തു. ഈ പണം ഉപയോഗിച്ച് മല്ലപൂരിൽ അര ഏക്കർ സ്ഥലം വാങ്ങാനായിരുന്നു റെഡ്ഡിയുടെ തീരുമാനം.
ഇതിനായി 70 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കുകയും 20 ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്‌തു. ബാക്കിയുള്ള 85 ലക്ഷം രൂപയിൽ 42.5 ലക്ഷം രൂപ ശ്രീനിവാസ് റെഡ്ഡി തന്‍റെ ബാങ്ക് അക്കൗണ്ടിലും ബാക്കി തുക ഭാര്യ വിജയലക്ഷ്‌മിയുടെ അക്കൗണ്ടിലും നിക്ഷേപിച്ചു. ഇതിനിടെ പണം തന്‍റെ അക്കൗണ്ടിലൂടെ ഭൂ ഉടമയ്‌ക്ക് നൽകാമെന്ന് പറഞ്ഞ് ഇയാളുടെ ഇളയമകനായ ഹർഷവർദ്ധൻ തന്‍റെ അക്കൗണ്ടിലേക്ക് പണത്തെ നിർബന്ധപൂർവം മാറ്റിക്കുകയായിരുന്നു.
പിന്നാലെ ഓണ്‍ലൈൻ ഗെയിമിന് അടിമയായ ഹർഷവർദ്ധൻ ഈ പണം ഉപയോഗിച്ച് ചൂതാട്ടം നടത്തുകയായിരുന്നു. ഏതാനും ആഴ്‌ചകൾ കൊണ്ട് മുഴുവൻ തുകയും യുവാവ് ചൂതാട്ടത്തിലൂടെ നഷ്‌ടപ്പെടുത്തി. തുടർന്ന് പണം നഷ്‌ടപ്പെട്ട വിവരം അറിഞ്ഞ് കാര്യം തിരക്കിയപ്പോഴാണ് ചൂതാട്ടം നടത്തി മുഴുവൻ തുകയും നഷ്‌ടപ്പെടുത്തിയ കാര്യം ഹർഷവർദ്ധൻ മാതാപിതാക്കളെ അറിയിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 7 ലക്ഷത്തോളം രൂപ പലരിൽ നിന്നും ഇയാൾ കടം വാങ്ങിയതായും വീട്ടുകാർ അറിയുന്നത്. തുടർന്ന് പണം തിരിച്ചു ലഭിക്കുന്നതിനായി ശ്രീനിവാസ് റെഡ്ഡി സൈബരാബാദ് സൈബർ ക്രൈം പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.