ഹാസൻ (കർണാടക) : ആക്രമിക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ സാഹസികമായി കീഴ്‌പ്പെടുത്തി യുവാവ്. കർണാടകയിലെ (Karnataka) ഹാസൻ (hassan) ജില്ലയിലെ അരസികെരെ തഹ്‌സിലിലെ ബാഗിവാലു ഗ്രാമത്തിലാണ് സംഭവം. ബാഗിവാലു ഗ്രാമത്തിലെ താമസക്കാരനായ മുത്തുവാണ് പുള്ളിപ്പുലിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തി ബൈക്കിൽ കെട്ടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
ജൂലൈ 14നാണ് സംഭവം. കൃഷിയിടത്തിൽ കീടനാശിനി തളിക്കാനെത്തിയ മുത്തുവിനെ മരത്തിൽ ഇരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. എന്നാൽ മനോധൈര്യം കൈവിടാതെ യുവാവ് പുള്ളിപ്പുലിയെ നേരിട്ടു. പുലിയെ പിടികൂടിയതായി മുത്തു അറിയിച്ചതിനെ തുടർന്ന് വനപാലകർ ഉടൻ സ്ഥലത്തെത്തി.
ഏറ്റുമുട്ടലിൽ യുവാവിനും പുലിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ പുലിക്ക് മതിയായ ചികിത്സ നൽകി കാട്ടിൽ വിട്ടയച്ചുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ മുത്തു ജയചാമരാജേന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഫോറസ്റ്റ് ഓഫിസർ ഹേമന്ത് കുമാർ, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ രമേഷ് ജി എച്ച്, ഫോറസ്റ്റ് ഗാർഡ് അരുൺ കുമാർ, മറ്റ് ഗ്രാമവാസികൾ എല്ലാവരും മുത്തുവിന്‍റെ ധീരമായ പ്രവര്‍ത്തിയെ അഭിനന്ദിച്ചു.
ആവർത്തിക്കുന്ന വന്യജീവി ആക്രമണം : കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ജനവാസ മേഖലയിലേക്കിറങ്ങുന്ന പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. കൃഷിയിടത്തിലും വീട്ടുപരിസരത്തുമെല്ലാം വന്യമൃഗങ്ങളെത്തി ജീവന്‍ അപഹരിക്കുന്ന വാര്‍ത്തകൾ ദിനംപ്രതി എത്താറുണ്ട്.
ജൂണ്‍ 22ന് ആന്ധ്രാപ്രദേശ് തിരുമല തിരുപ്പതിയില്‍ (Tirumala) നാല് വയസുകാരനെ പുലി ആക്രമിച്ചിരുന്നു. അലിപ്പിരി - തിരുമല കാൽനട പാതയിലായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കര്‍ണൂല്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ കൗശിക്കിനെയാണ് പുലി ആക്രമിച്ചത്. അലിപ്പിരിയില്‍ നിന്നും കാല്‍നടയായി ഇവർ തിരുപ്പതിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രയ്‌ക്കിടെ ഇതേ പാതയിലുള്ള ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തുള്ള കടയില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സമീപത്തായി നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ തലയില്‍ പുലി കടിച്ചു. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ കല്ലെറിയുകയും നിലവിളിക്കുകയും ചെയ്‌തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ചെവിക്കും തലയിലും പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഉത്തര്‍ പ്രദേശിലും ആക്രമണം : ഉത്തര്‍ പ്രദേശിലെ കാസിവാല ഗ്രാമത്തില്‍ കഴിഞ്ഞ മെയ് മാസം മൂന്ന് പേരുടെ ജീവനാണ് പുലി എടുത്തത്. പരിക്കേറ്റവരുടെ കണക്കെടുത്താലും കുറവല്ല. എട്ട് പേർക്കാണ് ഗ്രാമത്തിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തുറസായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനത്തിനെത്തുന്നവരാണ് ഇവിടെ പുലിയുടെ ആക്രമണത്തിന് ഇരയാകുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ഉത്തർപ്രദേശിലെ പിലിഭിത്തിലെ ജനവാസ മേഖലയിലെത്തിയ പുള്ളിപ്പുലിയെ ഗ്രാമവാസികൾ തുരത്തിയിരുന്നു. പിലിഭിത് ജില്ലയിലെ ഗജ്‌റൗള പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുദേല ഗ്രാമത്തില്‍ ഏപ്രിൽ 26ന് രാവിലെയാണ് പുള്ളിപ്പുലിയെ കണ്ടത്. വയലിലെത്തിയ പുലിയെ പ്രദേശവാസികള്‍ ഒച്ചയുണ്ടാക്കി തുരത്തുകയായിരുന്നു.
ഗ്രാമപ്രദേശത്ത് പുലി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ ആദ്യം പരിഭ്രാന്തരായി. എങ്കിലും, ധൈര്യം സംഭരിച്ച് കയ്യില്‍ കിട്ടിയ വടികളും മറ്റ് വസ്‌തുക്കളുമായി ഇവര്‍ പുലിക്ക് പിന്നാലെ പാഞ്ഞ് അതിനെ തുരത്തുകയായിരുന്നു.