ഉഡുപ്പി(കർണാടക): ഓടുന്ന കാറില്‍ പടക്കം പൊട്ടിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ യുവാവ് പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസമാണ് ഉഡുപ്പി ജില്ലയിലെ മണിപ്പാലിലെ പ്രധാന റോഡുകളിലൂടെ വിശാല്‍ കോലി എന്ന യുവാവ് പടക്കം പൊട്ടിച്ചു കൊണ്ട് കാറില്‍ സഞ്ചരിച്ചത്. ആശുപത്രികള്‍ക്കും കോളജുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും സമീപമാണ് ഇയാള്‍ അപകടകരമായ രീതിയില്‍ കാറില്‍ പടക്കം പൊട്ടിച്ചത്.
വിശാലിന്‍റെ വീഡിയോ ഒരാള്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയും ചെയ്‌തിരുന്നു. ഇയാളുടെ കാറിന് മുകളില്‍ ഘടിപ്പിച്ച പെട്ടിയില്‍ പടക്കങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്ന് പൊട്ടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കേസ് എടുക്കുകയായിരുന്നു. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.