വഡോദര (ഗുജറാത്ത്): യുവതി സ്വയം വിവാഹം (സോളോഗമി) ചെയ്യാന്‍ തീരുമാനിച്ച വാര്‍ത്തക്ക് പിന്നാലെ ചടങ്ങ് നടത്താന്‍ അനുമതി നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി. ഗോത്രിയിലെ ഹരി ഹരി മഹാദേവ് ക്ഷേത്രം ഭാരവാഹികളാണ് ചടങ്ങ് നടത്താന്‍ കഴിയില്ലെന്ന് യുവതിയെ അറിയിച്ചത്.
ബിഹാര്‍ സ്വദേശിയായ ക്ഷമ ബിന്ദു കഴിഞ്ഞ ദിവസമാണ് താന്‍ വഡോദരയിലെ ക്ഷേത്രത്തില്‍ വച്ച് ഹിന്ദു ആചാര പ്രകാരം സ്വയം വിവാഹം ചെയ്യാന്‍ പോകുകയാണെന്ന വാര്‍ത്ത പുറത്ത് വിട്ടത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം വിവാഹങ്ങള്‍ സര്‍വ സാധാരണമാണെങ്കിലും ഇന്ത്യയില്‍ ആദ്യമായിരുന്നു. ക്ഷമയുടെ ആഗ്രഹത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതോടെ വാര്‍ത്ത ദേശീയ ശ്രദ്ധ നേടി.
വാര്‍ത്തകള്‍ക്ക് പിന്നാലെ വഡോദര സിറ്റി ഡെപ്യൂട്ടി മേയര്‍ സുനിത ശുക്ല വിഷയത്തില്‍ ഇടപെട്ടു. യുവതി ചടങ്ങ് നടത്താന്‍ തീരുമാനിച്ച ക്ഷേത്രം ഭാരവാഹികളോട് ഇവര്‍ സംസാരിക്കുകയും ചടങ്ങ് നടത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം കമ്മിറ്റി യുവതിക്ക് ചടങ്ങിനുള്ള അനുമതി നിഷേധിച്ചത്.
വഡേദര സാംസ്കാരിക സമ്പന്നമായ നാടാണ്. എന്നാല്‍ രണ്ട് ദിവസമായി ഒരു വിവാഹത്തിന്‍റെ പേരിലാണ് നഗരം ചര്‍ച്ചയാകുന്നത്. ഇത് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി. അതിനാലാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് സുനിത പറഞ്ഞു.
ഹിന്ദു ആചാര പ്രകാരം ചടങ്ങ് നടത്താമെന്ന് തങ്ങള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരുന്നില്ല. ആണിനും പെണ്ണിനും ആചാര പ്രകാരം ചടങ്ങ് നടത്തികൊടുക്കുന്നതാണ് തങ്ങളുടെ രീതി. അതിനാല്‍ തന്നെ ഇത്തരത്തില്‍ ഒരു വിവാഹത്തിന് ക്ഷേത്രം വിട്ട് നല്‍കില്ല.
ക്ഷേത്രത്തിന് പുറത്ത് അവര്‍ക്ക് എന്തും ചെയ്യാം. ക്ഷേത്രം ആചാരങ്ങളെ സംരക്ഷിച്ച് മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു എന്നും മാനേജ്മെന്‍റ് അറിയിച്ചു. സംസ്കാര സമ്പന്നമായ നഗരത്തില്‍ സാമൂഹ്യ ശല്യമുണ്ടാക്കാന്‍ സമ്മതിക്കില്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ക്ഷമ ബിന്ദുവിന് എങ്ങനെ വേണമെങ്കിലും ജീവിക്കാം അത് ക്ഷേത്രത്തിന് പുറത്ത് മതിയെന്നും ഇവര്‍ പറഞ്ഞു.
Also Read: 'ഞാൻ എന്നെ തന്നെ വിവാഹം കഴിക്കുന്നു': വിചിത്ര വിവാഹത്തിനൊരുങ്ങി യുവതി