ഭുവനേശ്വർ : വീടുകളുടെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നവരല്ല ഇന്നത്തെ സ്ത്രീകള്‍. എല്ലാ പ്രതിസന്ധികളും മറികടന്ന് വിജയങ്ങള്‍ കീഴടക്കുന്നവരാണ് അവര്‍. എന്നാല്‍ ആര്‍ത്തവ കാലം ചില സ്ത്രീകള്‍ക്കെങ്കിലും പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരം ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ എഞ്ചിനീയര്‍. ഒഡിഷ സ്വദേശിയായ ഹൃദാനന്ദ പ്രസ്തി തയ്യാറാക്കിയ 'സന്തോഷ കിറ്റാ'ണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലത്ത് ആശ്വാസമാകുന്നത്. 'പ്രൊജക്ട് പ്രീതി - സ്ത്രീകള്‍ക്ക് ഒരു സന്തോഷ മുറി' എന്നാണ് അദ്ദേഹം ഈ കിറ്റിന് പേരിട്ടിരിക്കുന്നത്. ഹൃദാനന്ദ രൂപം നല്‍കിയ കിറ്റിനകത്ത് സാനിറ്ററി പാഡ്, പരുത്തി കൊണ്ടുണ്ടാക്കിയ ടിഷ്യു, സോപ്പ്, സാനിറ്റൈസര്‍ എന്നിവയ്ക്ക് പുറമെ സ്വസ്ഥമായി ഇരിക്കാന്‍ ഒരു കസേരയുമുണ്ട്.
സ്‌കൂൾ, കോളജ് മുതല്‍ തിരക്കേറിയ സ്ഥലങ്ങളിലെ ശുചിമുറികളിലെല്ലാം ഈ കിറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദാനന്ദയുടെ ഈ പദ്ധതി നടപ്പിലായാല്‍ വീടിന് പുറത്തുള്ള സമയങ്ങളില്‍ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമായിരിക്കും. തങ്ങളുടെ ആര്‍ത്തവ സമയത്ത് അവര്‍ക്ക് യാതൊരു വിഷമവും ഇല്ലാതെ മറ്റേതൊരു ദിവസവും എന്നപോലെ പുറത്തുപോകാന്‍ കഴിയും. ലോകാരോഗ്യ സംഘടന ഹൃദാനന്ദയുടെ കിറ്റിനെ അഭിനന്ദിക്കുകയും തങ്ങളുടെ സാങ്കേതിക വിഭാഗത്തിന്‍റെ അനുമതി ലഭിച്ചാല്‍ അത് നടപ്പില്‍ വരുത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സ്ത്രീകള്‍ക്ക് അറിവ് നല്‍കുന്നതിനും ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിനുമായി ഹൃദാനന്ദ 'അഭിജാന മിഷന്‍' എന്ന പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. നൂറോളം സ്ത്രീകള്‍ ഈ മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്കും സംസ്ഥാനങ്ങളിലെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയങ്ങള്‍ക്കുമെല്ലാം ഹൃദാനന്ദ ഇക്കാര്യത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ കണക്കിലെടുത്ത് അത് അംഗീകരിക്കുവാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സന്തോഷ കിറ്റ് നടപ്പില്‍ വരുത്തുന്നതോടെ ആര്‍ത്തവ സമയത്ത് സ്തീകള്‍ക്ക് വലിയ പിന്തുണയാകുമെന്ന കണക്കുകൂട്ടലിലാണ് ഹൃദാനന്ദ പ്രസ്തി.