ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപിയെ വോട്ട് ചെയ്‌ത് വിജയിപ്പിച്ചില്ലെങ്കിൽ യുപി, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെപ്പോലെയാകുമെന്ന പ്രസ്‌താവനക്ക് വിശദീകരണവുമായി യോഗി ആദിത്യനാഥ്. ഇരു സംസ്ഥാനങ്ങളിലേയും രാഷ്‌ട്രീയ കൊലപാതകങ്ങളെപ്പറ്റിയാണ് താൻ പറഞ്ഞതെന്നും യുപിയിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ നടക്കാറില്ലെന്നും പറഞ്ഞ യോഗി ആദിത്യനാഥ് യു.പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങൾക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നും കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് മുൻകരുതൽ എന്നോണം താൻ പറഞ്ഞതെന്നും ജനങ്ങളോട് ഇക്കാര്യം പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ നിന്ന് എത്തുന്നവരാണ് ഉത്തർപ്രദേശിൽ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിലുണ്ടായ അതിക്രമങ്ങളെ ചൂണ്ടിക്കാട്ടിയാണ് യോഗി ആദിത്യനാഥിന്‍റെ പ്രതികരിച്ചത്. 'ബംഗാളിൽ തെരഞ്ഞെടുപ്പ് സമാധാനപരമായ രീതിയിലാണോ നടക്കുന്നത്. ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെട്ടു, പോളിങ് ബൂത്തുകൾ പിടിച്ചെടുത്തു, തെരഞ്ഞെടുപ്പ് സമയം വലിയ തോതിലാണ് അരക്ഷിതാവസ്ഥ സൃഷ്‌ടിക്കപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ രീതിയാണ് കേരളത്തിലും നടക്കുന്നത്. ഈ ഇരു സംസ്ഥാനങ്ങളിലും അക്രമങ്ങളും രാഷ്‌ട്രീയ കൊലപാതകങ്ങളും നടക്കുന്നതുപോലെ മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോയെന്നും അദ്ദേഹം പ്രതികരിച്ചു.
യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായാണ് നടന്നത്. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് കലാപങ്ങളുണ്ടായോ എന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും സംരക്ഷണവും സുരക്ഷയും ലക്ഷ്യംവെച്ചുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അതിന് ഒരു പക്ഷത്തോടും ഒരു പ്രീണന നയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
READ MORE: വോട്ടര്‍മാര്‍ 'അബദ്ധം' കാണിക്കരുത് യുപി കേരളമാകും, വിവാദ പ്രസ്‌താവനയുമായി യോഗി ആദിത്യനാഥ്