ന്യൂഡൽഹി: മുഴുവന്‍ പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകങ്ങളിൽ നിന്നും മുഖ്യ ഉപദേഷ്‌ടാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനോട് (എൻസിഇആർടി) അഭ്യർഥിച്ച് രാഷ്‌ട്രീയ നിരീക്ഷകരായ യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും. അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകങ്ങൾ അവതരിപ്പിക്കാൻ തങ്ങളെ നിർബന്ധിക്കാനാവില്ലെന്ന് യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും എൻസിഇആർടിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. എന്നാല്‍ യോഗേന്ദ്രയുടെയും പാൽഷിക്കറിന്‍റെയും അഭ്യർഥന എൻസിഇആർടി നിരസിച്ചു.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്) അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്‌തകങ്ങളുടെ മുഖ്യ ഉപദേഷ്‌ടാക്കളായിരുന്നു പൊളിറ്റിക്കൽ സയന്‍റിസ്റ്റും സ്വരാജ് ഇന്ത്യയുടെ നേതാവുമായ യാദവും അക്കാദമിഷ്യനും പൊളിറ്റിക്കൽ സയന്‍റിസ്റ്റുമായ പാൽഷിക്കറും. പാഠപുസ്‌തകത്തിന്‍റെ ആമുഖത്തിലാണ് ഇവരുടെ പേരുകൾ രേഖപ്പെടുത്തിയത്.
ഇത്തരം പാഠപുസ്‌തകങ്ങളുടെ മുഖ്യ ഉപദേഷ്‌ടാക്കളായി തങ്ങളെ കണക്കാക്കരുതെന്നും പേരുകൾ ഒഴിവാക്കണമെന്നും യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും അഭ്യർഥിച്ചു. കൂടാതെ പാഠപുസ്‌തകങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഇവർ ഉത്കണ്‌ഠ രേഖപ്പെടുത്തി. ഒരുകാലത്ത് എല്ലാവർക്കും അഭിമാനകരമായ ഒന്നായിരുന്ന പാഠപുസ്‌തകങ്ങളും അതിന്‍റെ ഉള്ളടക്കങ്ങളും ഇപ്പോൾ നാണക്കേടിന്‍റെ ഉറവിടമായെന്ന് അവർ ചൂണ്ടിക്കാട്ടി.
പാഠപുസ്‌തകങ്ങളിൽ നിന്ന് യുക്തി രഹിതമായും ഏകപക്ഷീയമായും കാര്യങ്ങളെ വളച്ചൊടിക്കുന്നതും ചില നേതാക്കളെ വെട്ടിമാറ്റുന്നതും പുസ്‌തകങ്ങളെ തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതവും അക്കാദമികമായി പ്രവർത്തന രഹിതമാക്കുകയും ചെയ്യുന്നതായി ഇരുവരും അഭിപ്രായപ്പെട്ടു. തങ്ങളോട് ഒരിക്കൽ പോലും ആലോചിക്കാതെയാണ് പാഠപുസ്‌തകങ്ങളിൽ വെട്ടിത്തിരുത്തലുകളുണ്ടായത്. പാഠപുസ്‌തകങ്ങളെ അവയുടെ യഥാർഥ രൂപത്തിൽ നിന്ന് വികലമാക്കുകയും വളച്ചൊടിക്കുകയും ചെയ്‌തതിനാൽ അവയിൽ ഉൾച്ചേരാതിരിക്കാന്‍ തങ്ങൾക്ക് ധാർമ്മിക അവകാശമുണ്ടെന്നും യാദവും പാൽഷിക്കറും കത്തില്‍ വ്യക്തമാക്കി.
അതേസമയം, ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള അറിവിന്‍റെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് സ്‌കൂൾ തലത്തിൽ പാഠപുസ്‌തകങ്ങൾ വികസിപ്പിച്ചെടുത്തതെന്ന് എൻസിഇആർടി പ്രതികരിച്ചു. ഈ തിരുത്തലുകൾ വരുത്തുന്നതിന് മുമ്പ് വിദഗ്‌ധരുമായി കൂടിയാലോചിച്ചിരുന്നു എന്നാണ് എൻസിഇആർടിയുടെ വാദം. എന്നാല്‍ ഈ വിദഗ്‌ധരോടും തങ്ങൾ ശക്തമായി വിയോജിക്കുന്നുവെന്ന് യാദവും പാൽഷിക്കറും കത്തിൽ പറഞ്ഞു.
വികലമായും അക്കാദമിക തലത്തിൽ ഒരു ഗുണവുമില്ലാത്ത രീതിയിൽ തയാറാക്കപ്പെട്ട പാഠപുസ്‌തകങ്ങളുടെ മുഖ്യ ഉപദേഷ്‌ടാക്കളുടെ പട്ടികയില്‍ തങ്ങളെ പരാമർശിക്കുന്നത് ലജ്ജാവഹമാണെന്നും അതിനാൽ എല്ലാ വിയോജിപ്പും രേഖപ്പെടുത്തിക്കൊണ്ടു തന്നെ ഈ പേരുകൾ ഒഴിവാക്കാൻ ആവശ്യപ്പെടുകയാണെന്നും ഇരുവരും കത്തിൽ സൂചിപ്പിച്ചു.
ആരുടെ ഇഷ്‌ടാനുസരണം ആണോ പാഠപുസ്‌തകങ്ങളിൽ മാറ്റം വരുത്തുന്നത് ആ 'വിദഗ്‌ധരു'ടെ പേരുകൾ അവരുടെ ആഗ്രഹങ്ങൾക്കും അഭിനിവേശങ്ങൾക്കും അനുസൃതമായി പ്രസിദ്ധീകരിക്കുന്നതാണ് അഭികാമ്യമെന്ന് എൻസിഇആർടിയോട് നിർദേശിച്ച ഇരുവരും വികലമായ ഉള്ളടക്കം ഉൾക്കൊള്ളുന്ന പുസ്‌തകങ്ങൾക്ക് തങ്ങളുടെ പേരുകൾ ഉപയോഗിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പരാമർശങ്ങൾ പാഠപുസ്‌തകങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ ഹിന്ദു മതമൗലിക വാദികൾ മഹാത്മ ഗാന്ധിയെ വധിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിന്‍റെ മരണ ശേഷം ആർഎസ്എസിനെ നിരോധിച്ചു എന്നതുമടക്കമുള്ള ഭാഗങ്ങളും നീക്കം ചെയ്‌തിരുന്നു.