ബെംഗളൂരു: കെജിഎഫിന്‍റെ വൻ വിജയത്തിന് പിന്നാലെ കന്നട സിനിമകൾക്ക് രാജ്യത്തുടനീളം വലിയ അംഗീകാരമാണ് ലഭിക്കുന്നത്. കെജിഎഫിന് പിന്നാലെ വന്ന കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ലോകത്താകമാനം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച ഉള്ളടക്കം, മികച്ച മേക്കിങ്, താരങ്ങളുടെ അഭിനയം എന്നിവയാണ് കന്നഡ സിനിമകൾക്ക് ഇന്ത്യൻ സിനിമ മേഖലയിൽ തന്‍റേതായ സ്ഥാനം നേടിക്കൊടുത്തത്.
ഇതിന് പിന്നാലെ സാൻഡൽവുഡിലേക്ക് ബഹുഭാഷ സെലിബ്രിറ്റികളും ഒഴുകിയെത്തി. ഇപ്പോൾ സാൻഡൽവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഡബ്ലിയു ഡബ്ലിയു ഇ ലോകചാമ്പ്യനായ ദി ഗ്രേറ്റ് ഖാലി. ‘കെൻഡഡ സെറാഗു’ എന്ന ചിത്രത്തിലൂടെയാണ് ഖാലി കന്നഡ സിനിമയിൽ ചുവട് വെയ്‌ക്കാനൊരുങ്ങുന്നത്.
പ്രശസ്‌ത നോവലിസ്റ്റും എഴുത്തുകാരനുമായ റോക്കി സോംലി സംവിധായകനായി അരങ്ങേറ്റൾ കുറിക്കുന്ന ചിത്രം കൂടിയാണിത്. ഗുസ്‌തിയെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭൂമി ഷെട്ടിയും മാലാശ്രീയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സംവിധായകൻ റോക്കി സോംലിയുടെ തന്നെ 'കെൻഡഡ സെറാഗു' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്.
വനിത ഗുസ്‌തി താരത്തിന്‍റെ കഥ പറയുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിൽ ഖാലിയെക്കൂടെ എത്തിച്ച് ഞെട്ടിച്ചിരുക്കുകയാണ് സംവിധായകൻ. സിനിമയുടെ കഥയും കഥാപാത്രവും കേട്ട് ത്രില്ലടിച്ച ഗ്രേറ്റ് ഖാലി ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം മൂളുകയായിരുന്നു എന്ന് സംവിധായകൻ അറിയിച്ചു.
ഇതിന് പിന്നാലെ ദി ഗ്രേറ്റ് ഖാലിയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് റോക്കി സോംലി തന്നെയാണ് താരത്തിന്‍റെ സാൻഡൽവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ഗുസ്‌തിയെ പ്രമേയമാക്കി നിർമിക്കുന്ന ചിത്രത്തിൽ മാലാശ്രീ പൊലീസ് കമ്മിഷണറുടെ വേഷത്തിലെത്തുമ്പോൾ ഭൂമി ഷെട്ടിയാണ് ഗുസ്‌തി താരത്തിന്‍റെ വേഷം കൈകാര്യം ചെയ്യുന്നത്.
കെ.കൊട്രേഷ് ഗൗഡയുടെ കീഴിൽ ശ്രീ മുത്തു ടാക്കീസിന്‍റെയും എസ്.കെ പ്രൊഡക്ഷൻസിന്‍റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. യാഷ് ഷെട്ടി, വർധൻ തീർഥഹള്ളി, പ്രതിമ, ഹരീഷ് അരസു, ബസു ഹിരേമത്ത്, ശോഭിത, സിന്ധു ലോക്‌നാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
7 അടി ഉയരക്കാരൻ: പ്രത്യേകതയുള്ള ശരീര പ്രകൃതമാണ് ദി ഗ്രേറ്റ് ഖാലി എന്നറിയപ്പെടുന്ന ദിലീപ് സിങ് റാണയെ വ്യത്യസ്‌തനാക്കുന്നത്. 7അടി 1 ഇഞ്ചാണ് ഖാലിയുടെ ഉയരം. പ്രൊഫഷണൽ ഗുസ്‌തി താരം കൂടിയായ ഖാലി 2006ലാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ ഭാഗമായത്. പ്രൊഫഷണൽ റെസ്‌ലിങ് മേഖലയിലേക്ക് വരും മുൻപ് പഞ്ചാബിൽ പൊലീസ് ഓഫിസറായിരുന്നു ഇദ്ദേഹം. 1995,1996 വർഷങ്ങളിൽ മിസ്റ്റർ ഇന്ത്യ പട്ടവും ഖാലി സ്വന്തമാക്കിയിട്ടുണ്ട്.
ഡബ്ലിയു ഡബ്ലിയു ഇയിലൂടെ ആരാധക പ്രീതി നേടിയതോടെ ഹോളിവുഡ് സിനിമയുടെ ഭാഗമാകാനും ഖാലിക്കായി. ദി ഈവിൾ ദാറ്റ് മെൻ ഡു, ദി ലോങ്ങസ്റ്റ് യാർഡ്, ഗെറ്റ് സ്‌മാർട്ട്, മാക്ഗ്രൂബർ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ താരം വേഷമിട്ടു. 2018ലാണ് ഖാലി ഡബ്ലിയു ഡബ്ലിയു ഇയില്‍ നിന്ന് വിരമിച്ചത്. ശേഷം കോണ്ടിനെന്‍റല്‍ റസ്‌ലിങ് എന്‍റർടൈൻമെന്‍റ് എന്ന പേരിൽ ഇന്ത്യന്‍ പ്രൊഫഷണല്‍ ഗുസ്‌തി പരിശീലന അക്കാദമിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.