ന്യൂഡല്‍ഹി : റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ഗുസ്‌തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് രാജ്യങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്. കസാക്കിസ്ഥാൻ, മംഗോളിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ ഗുസ്‌തി ഫെഡറേഷനുകൾക്ക് ഡൽഹി പൊലീസ് നോട്ടിസ് അയച്ചു. മൂന്ന് രാജ്യങ്ങളിലും നടന്നിട്ടുള്ള ഗുസ്‌തി മത്സരങ്ങളുടെ മുഴുവന്‍ വീഡിയോകളും സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ആവശ്യപ്പെട്ടാണ് നോട്ടിസ്.
ഗുസ്‌തി താരങ്ങള്‍ ഫെഡറേഷന്‍ മേധാവിക്കെതിരെ നല്‍കിയ പരാതിയില്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസിന്‍റെ നടപടി. 2016, 2022 വര്‍ഷങ്ങളില്‍ മംഗോളിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെയും 2018 ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെയും കസാക്കിസ്ഥാനിലെ മത്സരത്തിനിടെയും തങ്ങള്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന താരങ്ങളുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിനായി പൊലീസ് മൂന്ന് രാജ്യങ്ങളുടെയും സഹായം തേടിയത്.
കൂടാതെ ബ്രിജ് ഭൂഷണിനെതിരെ പരാതിയുമായെത്തിയ മുഴുവന്‍ താരങ്ങള്‍ക്കുമൊപ്പം പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പരിശീലകര്‍, റഫറിമാര്‍ എന്നിവര്‍ ഉള്‍പ്പടെ 230 ലധികം പേരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കൂടാതെ ആരോപണ വിധേയനായ ഫെഡറേഷന്‍ മോധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ സഹപ്രവര്‍ത്തകരുടെയും ഗുസ്‌തി ഫെഡറേഷന്‍ ഭാരവാഹികളുടെയും ഓഫിസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജൂണ്‍ 15നോ അതിന് മുമ്പോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി പൊലീസ്.
ദിവസങ്ങളോളം സമരവുമായി കായിക താരങ്ങള്‍ : കഴിഞ്ഞ ജനുവരിയിലാണ് ആദ്യമായി താരങ്ങള്‍ ഗുസ്‌തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ദിവസങ്ങളോളം നീണ്ട സമരത്തെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറെത്തി താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. വിഷയത്തില്‍ ഉടനടി പരിഹാരം കാണുമെന്ന മന്ത്രിയുടെ ഉറപ്പിന്‍മേല്‍ താരങ്ങള്‍ സമരം അവസാനിപ്പിച്ചു.
എന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും നടപടിയെടുക്കാമെന്നുമുള്ള മന്ത്രിയുടെ വാക്ക് പാഴായതോടെയാണ് വീണ്ടും താരങ്ങള്‍ സമരമാരംഭിച്ചത്. ഏപ്രിലില്‍ താരങ്ങള്‍ വീണ്ടും ജന്തര്‍ മന്തറില്‍ കുത്തിയിരുപ്പ് സമരം ആരംഭിക്കുകയായിരുന്നു.
എന്നാല്‍ ഡല്‍ഹി പൊലീസെത്തി വിഷയത്തില്‍ ഇടപെട്ടു. എന്നിട്ടും താരങ്ങളുടെ പരാതിയില്‍ നടപടിയുണ്ടായില്ല. സര്‍ക്കാറില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടാകാന്‍ വൈകും തോറും താരങ്ങള്‍ സമരം കടുപ്പിച്ചു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ കൂടി എത്തിയതോടെ സമരം ശക്തമായി. ഈ സാഹചര്യത്തില്‍ക്കൂടിയാണ് വിഷയത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.