ഇംഫാൽ: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം മണിപ്പൂരിൽ ഒരുങ്ങുന്നു. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിനെ രാജ്യത്തെ ബ്രോഡ്ഗേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയായ ജിരിബാം-ഇംഫാൽ റെയിൽവേയുടെ ഭാഗമായാണ് ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ പാലം നിർമിച്ചുവരുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയാണ് ജിരിബാം-ഇംഫാൽ റെയിൽവേ പദ്ധതിയിലൂടെ ഇന്ത്യൻ റെയിൽവേ മണിപ്പൂരിൽ സാധ്യമാക്കുന്നത്.
141 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന പാലം യൂറോപ്പിലെ മോണ്ടിനെഗ്രോയിലെ മാല-റീയേക്ക പാലത്തിന്‍റെ 139 മീറ്റർ എന്ന റെക്കോഡിനെ മറികടക്കും. പദ്ധതി പൂർത്തിയാകുന്നതോടെ 111 കിലോമീറ്റർ ദൂരം രണ്ട് മുതൽ രണ്ടര മണിക്കൂർ കൊണ്ട് പിന്നിടാൻ കഴിയും.
നിലവിൽ ദേശീയപാതയിലൂടെ (NH-37) ജിരിബാം, ഇംഫാൽ എന്നിവിടങ്ങൾ തമ്മിലുള്ള ദൂരം 220 കിലോമീറ്ററാണ്. ഇതിന് ഏകദേശം 10 മുതൽ 12 മണിക്കൂർ യാത്ര വേണ്ടിവരും. 111 കിലോമീറ്റർ പദ്ധതിയിൽ 61 ശതമാനം തുരങ്കങ്ങളാണുള്ളത്.
ALSO READ: Omicron Variant Spreads: ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍; ലോകം ജാഗ്രതയില്‍
2023 ഡിസംബറോടെ പാലത്തിന്‍റെ പണി പൂർത്തിയാകുമെന്ന് പദ്ധതിയുടെ ചീഫ് എഞ്ചിനീയർ സന്ദീപ് ശർമ്മ പറഞ്ഞു. 12 കിലോമീറ്ററോളം നീളുന്ന ആദ്യഘട്ടം ഇതിനകം കമ്മീഷൻ ചെയ്തുകഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ 98 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി.
2022 ഫെബ്രുവരിയോടെ ഇത് പൂർണമായും സജ്ജമാകും. ഖോങ്‌സാങ് മുതൽ തുപുൽ വരെയുള്ള മൂന്നാം ഘട്ടം 2022 നവംബറോടെ പൂർത്തിയാകും. തുപുലിൽ നിന്ന് ഇംഫാൽ താഴ്‌വര വരെ നീളുന്ന പാലത്തിന്‍റെ നാലാമത്തെയും അവസാനത്തെയും ഘട്ട പ്രവർത്തനങ്ങൾ 2023 ഡിസംബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
374 കോടി രൂപയാണ് പാലത്തിന്‍റെ ആകെ നിർമാണചെലവ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് എഞ്ചിനീയർ കൂട്ടിച്ചേർത്തു. അതേസമയം മൺസൂൺ കാലത്ത് ഈ സ്ഥലത്തേക്കുള്ള ഏക പാതയായ എൻഎച്ച് -37ൽ മണ്ണിടിച്ചിലും മറ്റും ഉണ്ടാകുന്നത് പാലത്തിന്‍റെ നിർമാണത്തിന് വലിയ തടസമാണെന്ന് സന്ദീപ് ശർമ്മ പറഞ്ഞു.