വിജയവാഡ: ആറ് മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റിലെ 22 പേജുകള്‍ ഡിസൈന്‍ ചെയ്‌ത് ലോക റെക്കോഡ് നേടി യുവാവ്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ വിനുകൊണ്ട ഭാനു സായ് പ്രതാപ് എന്ന യുവ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറാണ് സാങ്കേതികവിദ്യകളുടെ ലോകത്ത് വേഗത കൊണ്ട് അംഗീകാരം സ്വന്തമാക്കിയത്. ഏറെ വെല്ലുവിളികളും അത്രകണ്ട് സൂക്ഷ്‌മതയും ആവശ്യമുള്ള വെബ്‌സൈറ്റ് നിര്‍മാണത്തിലാണ് സായ് പ്രതാപ് തന്‍റെ മുദ്ര പതിച്ചത്.
റെക്കോഡിട്ട വഴി: ഐടി മേഖല നാള്‍ക്കുനാള്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കവെയാണ് ആ മേഖലയില്‍ തന്‍റേതായ അടയാളപ്പെടുത്തലുകള്‍ വേണമെന്ന് സായ് പ്രതാപ് ചിന്തിച്ചുതുടങ്ങുന്നത്. ഐടി മേഖലയിലെ തന്‍റെ വൈഭവം വ്യത്യസ്‌തമായ രീതിയില്‍ തന്നെ ഉപയോഗപ്പെടുത്താമെന്ന് സായ് പ്രതാപ് തീരുമാനിച്ചു. അങ്ങനെയാണ് തുച്ഛമായ സമയത്ത് കൂടുതല്‍ വെബ് പേജുകള്‍ രൂപകല്‍പന ചെയ്യുന്നതിനെക്കുറിച്ച് ആലോചന നീളുന്നത്. അങ്ങനെ കഠിനമായ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ആറ് മണിക്കൂറില്‍ 22 വെബ് പേജുകള്‍ നിര്‍മിച്ച് സായ് പ്രതാപ് ലിങ്കണ്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടുകയായിരുന്നു. ഇതോടെ സായ് പ്രതാപ് പഴങ്കഥയാക്കിയതാവട്ടെ 18 മണിക്കൂറില്‍ 22 വെബ് പേജുകള്‍ രൂപകല്‍പന ചെയ്‌ത 2015 ലെ റെക്കോഡും.
ആഗ്രഹങ്ങള്‍ കുന്നോളം: അതേസമയം അംഗീകാരത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ അഭിനന്ദിച്ചുവെന്നും എന്നാല്‍ ജന്മനാടായ ആന്ധ്രാപ്രദേശ് അംഗീകരിച്ചില്ലെന്ന് സായ് പ്രതാപ് തന്‍റെ മനസ്സിനെ വേദനിപ്പിച്ച അനുഭവം പങ്കുവച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും വെബ്‌സൈറ്റുകളില്‍ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ച് തനിക്ക് അഭിപ്രായങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു. വെബ് ഡിസൈനിങ് വളരെ എളുപ്പത്തില്‍ സ്വായത്തമാക്കാവുന്ന ഒന്നാണെന്നും അതിന് സങ്കീര്‍ണമായ കഴിവുകള്‍ ആവശ്യമില്ലെന്നും സായ് പ്രതാപ് പറയുന്നു. മാത്രമല്ല തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന യുവാക്കള്‍ക്ക് താന്‍ വെബ് ഡിസൈനിങില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാറി നടന്ന് നേടാം: നിലവില്‍ വിജയവാഡയില്‍ താമസമാക്കിയ സായ് പ്രതാപ് മൗറിടെക്ക് സോഫ്‌റ്റ്‌വെയര്‍ കമ്പനിയിലെ ഡിപ്പാര്‍ട്‌മെന്‍റ് തലവനായി പ്രവര്‍ത്തിച്ചുവരികയാണ്. എട്ട് വര്‍ഷമായി വെബ് ഡിസൈനിങ് മേഖലയിലുള്ള സായ് പ്രതാപിന് ഊര്‍ജമാകുന്നതാവട്ടെ ഭാര്യ സുശ്‌മിതയാണ്. കുടുംബത്തിനും മകള്‍ക്കും നീക്കിവയ്‌ക്കേണ്ടുന്ന സമയം പോലും തനിക്കായി ഉഴിഞ്ഞുവച്ച് തന്നെ സ്വപ്‌നം കാണാന്‍ പ്രാപ്‌തനാക്കിയതും റെക്കോഡിലേക്ക് കൈപിടിച്ചുയര്‍ത്തിയതും സുശ്‌മിതയാണെന്ന് പറയുമ്പോള്‍ സായ് പ്രതാപിന്‍റെ കണ്ണുകള്‍ക്ക് പതിവിനെക്കാള്‍ ഏറെ തിളക്കം. എല്ലാവരും നടക്കുന്ന വഴിയെ സഞ്ചരിച്ചാല്‍ നിങ്ങള്‍ പുതുതായൊന്നും കണ്ടെത്തില്ലെന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തരായവര്‍ മാത്രമെ എന്തെങ്കിലും നേടിയിട്ടുള്ളുവെന്നുമാണ് എഞ്ചിനീയറിങ് രംഗത്ത് പിച്ചവയ്‌ക്കുന്നവരോട് സായ് പ്രതാപിന് പറയാനുള്ളത്.