അഫ്‌ഗാനിസ്ഥാന്‍റെ മേൽ താലിബാൻ പൂർണ നിയന്ത്രണം സ്ഥാപിക്കുമ്പോൾ രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവവികാസങ്ങളും തുടർന്നുണ്ടായ സുരക്ഷ സാഹചര്യങ്ങളിലും ആശങ്കയും നിരാശയും പ്രകടിപ്പിച്ച് ലോകനേതാക്കൾ.
ബ്രിട്ടൺ
സൈന്യത്തെ പിൻവലിക്കാനുള്ള യുഎസിന്‍റെ നീക്കമാണ് അഫ്‌ഗാനിലെ സ്ഥിതി കൂടുതൽ വഷളാക്കിയതെന്നും എന്നാൽ ഇത് മുൻപു നടന്ന സംഭവങ്ങളുടെ തുടർച്ചയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അഫ്‌ഗാനിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രം ആയി മാറുന്നത് ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പാശ്ചാത്യ നേതാക്കളോട് ആവശ്യപ്പെട്ട ബോറിസ് ജോൺസൺ അഫ്‌ഗാൻ ജനതയുടെ താൽപര്യം പോലെ രാജ്യം 2001ന് മുൻപുള്ള അവസ്ഥയിലേക്ക് തിരികെ പോകണമെന്നും വിദേശമാധ്യമങ്ങളോട് പറഞ്ഞു.
കാനഡ
അഫ്‌ഗാനിലെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യം തങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അഫ്‌ഗാൻ ജനതയുടെ നിലവിലെ അവസ്ഥ ഹൃദയഭേദകമാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
റഷ്യ
പുതിയ മാനുഷിക ദുരന്തം തടയേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ റഷ്യൻ പാർലമെന്‍റിന്‍റെ വിദേശകാര്യ മേധാവി ലിയോനിഡ് സ്ലട്ട്സ്കി അഫ്‌ഗാൻ പ്രശ്നത്തിൽ യുഎൻ രക്ഷാസമിതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് പറഞ്ഞു.
ഓസ്ട്രേലിയ
ഇതിനകം 400 പേരെ അഫ്ഗാനിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവന്നുവെന്നും ഇനിയും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
അമേരിക്ക
അതേസമയം, അഫ്‌ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള യുഎസ് തീരുമാനത്തെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ന്യായീകരിക്കുകയാണുണ്ടായത്. എന്നാൽ അമേരിക്കൻ സൈന്യത്തിന്‍റെ പിൻമാറ്റത്തെ തുടർന്നാണ് 20 വർഷമായി നിഷ്ക്രിയമായിരുന്ന താലിബാൻ കൂട്ടക്കൊല വീണ്ടും അഫ്‌ഗാൻ ജനതക്ക് മേൽ വീണ്ടും പതിച്ചത്.
അഫ്‌ഗാൻ സൈന്യത്തിന് സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷമോ അല്ലെങ്കിൽ അഞ്ച് വർഷമോ കൂടി തുടരുന്ന അമേരിക്കൻ സൈന്യത്തിന്‍റെ സാന്നിധ്യം അഫ്‌ഗാന്‍റെ അവസ്ഥയിൽ കാര്യമായ മാറ്റമൊന്നുമുണ്ടാക്കില്ലെന്നും മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര സംഘർഷത്തിന് നടുവിലെ അമേരിക്കൻ സാന്നിധ്യം തനിക്ക് സ്വീകാര്യമല്ലെന്നും ജോ ബൈഡൻ പറഞ്ഞു.
Also Read: കാബൂളില്‍ പതിനായിരങ്ങളുടെ പലായനം; ആകാശത്തേക്ക് വെടിയുതിര്‍ത്ത് യുഎസ് സൈന്യം