ഇന്ന് ലോക ആസ്ത്മ ദിനം. മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ചയാണ് ഈ ദിവസം ആചരിക്കുന്നത്. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ എന്ന സംഘടനയാണ് എല്ലാ വർഷവും ലോക ആസ്ത്മ ദിനം ആചരിക്കുന്നത്. ആസ്ത്മയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിവസത്തിന്‍റെ പ്രധാന ലക്ഷ്യം.
ലോക ആസ്ത്മ ദിനം ആദ്യമായി ആചരിച്ചത് 1998ലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം ആസ്ത്മ രോഗികളുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളും ഇതിൽ ഉൾപ്പെടുന്നു. അണുബാധയ്ക്കുള്ള സാധ്യത കൂടുതലുള്ള ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്ത്മ. ജാഗ്രതയും ബോധവൽക്കരണവും ആവശ്യമുള്ള കൊവിഡ് പകർച്ചവ്യാധിയെ പോലുള്ള രോഗങ്ങൾ ഒഴിവാക്കാൻ ആസ്ത്മ ചികിത്സ ആവശ്യമാണ്.
ആസ്ത്മ ഒരു ശ്വാസകോശ സംബന്ധമായ രോഗമാണ്. ഇത് സാധാരണയായി ശ്വസന പ്രശ്‌നം എന്നറിയപ്പെടുന്നു. വിവിധ കാരണങ്ങളാൽ എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ ഈ രോഗം ഉണ്ടാകുന്നു. ആസ്‌ത്മയുടെ പല ലക്ഷണങ്ങളും മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും കാണപ്പെടുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണിത്. ശ്വാസനാളങ്ങൾ വീർക്കുകയും ശ്വാസകോശ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. തൽഫലമായി, രോഗിക്ക് ശ്വസിക്കാൻ പ്രയാസമനുഭവപ്പെടുകയും ചെയ്യും.
6 മാസം പ്രായമുള്ള കുഞ്ഞ് മുതൽ പ്രായമായവരിൽ വരെ ഉണ്ടാകാവുന്ന ഒരു പ്രശ്‌നമാണ് ആസ്ത്മ. പാരമ്പര്യം, ആരോഗ്യപ്രശ്‌നങ്ങൾ, അലർജികൾ, അണുബാധകൾ, കാലാനുസൃതമായ മാറ്റങ്ങൾ, മലിനീകരണം തുടങ്ങി പല ഘടകങ്ങളും ആസ്ത്മയ്ക്ക് കാരണമാകാം. മിക്ക കേസുകളിലും, ജനിതക ഘടകങ്ങളും കുട്ടികളിലെ ആസ്ത്മയ്ക്ക് കാരണമാകുന്നു.
പാരമ്പര്യം കൂടാതെ, ചിലപ്പോൾ ശാരീരിക സാഹചര്യങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ആസ്ത്മയ്ക്ക് കാരണമായേക്കാം. ഉദാഹരണത്തിന്, ഒരു കുട്ടിയുടെ മാതാപിതാക്കൾക്ക് രണ്ട് പേർക്കും ആസ്ത്മ ഉണ്ടെങ്കിൽ, കുട്ടിക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ചില ശാരീരിക രോഗങ്ങൾ, മൃഗങ്ങളുമായുള്ള സമ്പർക്കം, അലർജികൾ, അണുബാധകൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ ആസ്‌ത്മയ്ക്ക് കാരണമാകാം. ഇതിനുപുറമെ, മലിനീകരണവും ആസ്ത്മയുടെ വർധനവിന് കാരണമായി കണക്കാക്കപ്പെടുന്നു.
പ്രായം, അവസ്ഥ, ഘട്ടം എന്നിവയെ ആശ്രയിച്ച് ആസ്ത്മ പല തരത്തിലാകാം:
- അലർജിക് ആസ്ത്മ
- നോൺ അലർജിക് ആസ്ത്മ
- ഒക്കുപ്പേഷണൽ ആസ്ത്മ
- മിമിക് ആസ്ത്മ
- ചൈൽഡ് ആസ്ത്മ
- അഡൽട്ട്-ഓൺസെറ്റ് ആസ്ത്മ
- ഡ്രൈ കഫ് ആസ്ത്മ
- ഡ്രഗ് റിയാക്ഷൻ ആസ്ത്മ
ആസ്ത്മ ബാധിച്ചവർ ഡോക്‌ടറുടെ നിർദേശം പ്രകാരമല്ലാതെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം. ചെറിയ അശ്രദ്ധയോ അവഗണനയോ രോഗത്തെ സങ്കീർണ്ണമാക്കും.
ചില പ്രത്യേക സാഹചര്യങ്ങളിൽ, ഉടൻ തന്നെ ഒരു ഡോക്‌ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.
- ശ്വസന പ്രശ്‌നങ്ങൾ
- നീണ്ടുനിൽക്കുന്ന ചുമയും ജലദോഷവും
- നെഞ്ചുവേദന
- ആവത്തിച്ച് അലർജി ഉണ്ടാകുന്നത്
- ഉറക്കത്തിൽ അസ്വസ്ഥതയും നെഞ്ചുവേദനയും
- ഉറക്കമില്ലായ്‌മയും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും
- ഏതെങ്കിലും മരുന്ന കഴിച്ചതിന് ശേഷമുള്ള പാർശ്വഫലങ്ങൾ മുതലായ സാഹചര്യങ്ങളിൽ ഉടൻ ഡോക്‌ടറെ സമീപിക്കുക.
കൃത്യസമയത്ത് ചികിത്സ ആരംഭിച്ചാൽ രോഗം ഉണ്ടെങ്കിലും ഒരു വ്യക്തിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും. എന്നാൽ ചികിത്സയ്ക്കും മരുന്നിനുമൊപ്പം രോഗിക്ക് ധാരാളം മുൻകരുതലുകളും ആവശ്യമാണ്. അല്ലാത്തപക്ഷം, രോഗം ചിലപ്പോൾ മാരകമായേക്കാം. ആസ്ത്മ ബാധിച്ച ഒരാൾ കൃത്യസമയത്ത് മരുന്നുകൾ കഴിക്കുകയും ഡോക്‌ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലി പിന്തുടരുകയും ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്‌താൽ ആസ്ത്മ ഒരു പരിധി വരെ സുഖപ്പെടുത്താം.